മാര്‍പ്പാപ്പ തെരഞ്ഞെടുപ്പ്: വീണ്ടും കറുത്ത പുക, വിശ്വാസികള്‍ നിരാശയില്‍

Webdunia
ബുധന്‍, 13 മാര്‍ച്ച് 2013 (16:33 IST)
PRO
ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയന്‍ ആരാകുമെന്നറിയാന്‍ വിശ്വാസികള്‍ക്ക് ഇനിയും കാത്തിരിക്കണം. സിസ്റ്റീന്‍ ചാപ്പലിന്‍റെ പുകക്കുഴലില്‍ നിന്ന് രണ്ടാം ദിവസവും കറുത്ത പുകയുയര്‍ന്നു. ഇതോടെ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ നിരാശരായി.

രണ്ടാം ദിവസം അര്‍ദ്ധരാത്രിയോടെ നടക്കുന്ന മൂന്നാം വോട്ടെടുപ്പില്‍ പുതിയ മാര്‍പ്പാപ്പയെ തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.

രണ്ടാമത്തെ വോട്ടെടുപ്പിലും ഫലം കാണാതായതോടെ ഇനി ധ്യാനപ്രഭാഷണത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷമായിരിക്കും അടുത്ത തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, ഈ കോണ്‍ക്ലേവ് വോട്ടെടുപ്പ് മൂന്നാം ദിവസവും തീരുമാനമായില്ലെങ്കില്‍ പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമേ കര്‍ദ്ദിനാള്‍മാര്‍ യോഗം ചേര്‍ന്ന് വോട്ടെടുപ്പ് തുടരുകയുള്ളൂ.

115 കര്‍ദ്ദിനാള്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. ഈ 115 പേരും സ്ഥാനാര്‍ത്ഥികളുമാണ് എന്നതാണ് കൌതുകകരമായ വസ്തുത. ഇത്തവണത്തെ മാര്‍പ്പാപ്പ തെരഞ്ഞെടുപ്പ് കൂടുതല്‍ കടുത്തതാകുമെന്ന സൂചനകളാണ് ആദ്യ വോട്ടെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്.