മാര്‍പാപ്പയെ വധിക്കാന്‍ മാഫിയ സംഘങ്ങള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍

Webdunia
വെള്ളി, 15 നവം‌ബര്‍ 2013 (11:54 IST)
PTI
ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ മാഫിയ സംഘങ്ങള്‍ പദ്ധതിയിടുന്നതായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കി.

മാര്‍പാപ്പയുടെ ജീവന്‍ അപകടത്തിലാണ്. അഴിമതിയും മറ്റും തുടച്ചുനീക്കാനുള്ള മാര്‍പാപ്പയുടെ ശ്രമത്തില്‍ അമര്‍ഷത്തിലായ സംഘടിത ഗ്രൂപ്പുകളാണ് അദ്ദേഹത്തെ വധിക്കാന്‍ പരിപാടിയിടുന്നതെന്ന് റെജിയോ കലാബ്രിയോയുടെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ നിക്കോള ഗ്രാറ്റെറി വെളിപ്പെടുത്തി.

സാമ്പത്തിക തട്ടിപ്പുനടത്തുന്നവര്‍ കാലങ്ങളായി ഉപയോഗിച്ചിരുന്ന കുപ്രസിദ്ധമായ വത്തിക്കാന്‍ ബാങ്കിനെ വൃത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാങ്കിന്റെ ചെയര്‍മാനെ പിന്നീട് അദ്ദേഹം മാറ്റി. തുടര്‍ന്ന് തന്റെ തന്നെ കീഴിലുള്ള കര്‍ദിനാള്‍ ബെര്‍ട്ടോണിനെ അഴിമതി നടത്തിയതിന്റെ പേരില്‍ നിര്‍ബന്ധപൂര്‍വം റിട്ടയര്‍ ചെയ്യിക്കുകയും ചെയ്തു.

കത്തോലിക്ക സഭയെ അഴിമതിയില്‍ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഏപ്രിലില്‍ സ്ഥാനമേറ്റശേഷം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ജനങ്ങളെ ചൂഷണം ചെയ്തതിലും അടിമകളാക്കിയതിലും പശ്ചാത്തപിക്കാന്‍ അദ്ദേഹം തന്റെ ആദ്യ പ്രസംഗത്തില്‍ മാഫിയകളോട് ആഹ്വാനം ചെയ്തിരുന്നു.