ലോകത്തെ വിറപ്പിച്ച നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ‘ഫുഡ് ടേസ്റ്റര്‍’ ആയിരുന്നു താന്‍ എന്ന് അവകാശപ്പെട്ട് വൃദ്ധ രംഗത്ത്. മാര്‍ഗട്ട് വോള്‍ക്ക് എന്ന 95കാരിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം താന്‍ ഹിറ്റ്ലറുടെ ഫുഡ് ടേസ്റ്റര്‍ ആയിരുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഹിറ്റര്‍ക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തലായിരുന്നു ഈ സ്ത്രീയുടെ ജോലി. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ഇവര്‍ രുചിച്ചു നോക്കിയിരുന്നു. തന്റെ സുരക്ഷയ്ക്കായി ഹിറ്റ്ലര്‍ നിയോഗിച്ച ഒരു ഡസന്‍ സ്ത്രീകളില്‍ ഒരാളായിരുന്നു ഇവര്‍.
വോള്‍ക്ക് ഉള്‍പ്പെടെ 15 പേര്‍ രുചിച്ചുനോക്കിയ ശേഷമായിരുന്നു ഹിറ്റ്ലരുടെ ഹെഡ്ക്വാട്ടേഴ്സില്‍ ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നത്. ഹിറ്റ്ലര്‍ കഴിക്കുന്ന അതേ അളവിലുള്ള ഭക്ഷണം തന്നെയായിരുന്നു ഇവരും കഴിക്കേണ്ടിയിരുന്നത്. സസ്യാഹാരം ആയിരുന്നു നല്‍കിയിരുന്നത്. മാംസാഹാരം കഴിച്ചതായി ഓര്‍ക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
1942 ലാണ് വോള്‍ക്ക് ഹിറ്റ്ലറുടെ ക്യാമ്പിലേക്ക് എത്തുന്നത്. ഇവരുടെ ഭര്‍ത്താവ് യുദ്ധത്തിനായി പോയപ്പോഴായിരുന്നു ഇത്. നിര്‍ബന്ധപൂര്‍വ്വം ഏല്‍പ്പിച്ച ഫുഡ് ടേസ്റ്ററുടെ ജോലി ഭയത്തോടെയാണ് അവര്‍ നിറവേറ്റിയത്. 1944ല്‍ ഹിറ്റ്ലറുടെ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ ബര്‍ലിനിലേക്ക് കടന്നു. മറ്റ് ഫുഡ് ടേസ്റ്റര്‍മാര്‍ റഷ്യക്കാരുടെ വെടിയേറ്റ് മരിച്ചത് ഇവര്‍ ഓര്‍ത്തെടുക്കുന്നു.
1946 ല്‍ ഇവര്‍ ഭര്‍ത്താവിന്റെ പക്കല്‍ തിരികെയെത്തി. 1990ല്‍ ഇയാള്‍ മരിക്കുന്നത് വരെ ഇവര്‍ ഒരുമിച്ച് ജീവിച്ചു.