മസൂദ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് പാകിസ്ഥാന്‍

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2016 (02:51 IST)
പത്താന്‍കോട്ട് വ്യോമത്താവള ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജെയ്ഷ് ഇ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് പാകിസ്ഥാന്‍‍. ആക്രമണം നടന്ന് ദിവസങ്ങള്‍ക്കകം അസ്ഹറിനെ കസ്റ്റഡിയിലെടുത്തതായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.
 
ഏഴുസൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പങ്ക് തെളിഞ്ഞിട്ടും പാകിസ്ഥാന്‍ നടപടി കൈക്കാള്ളുന്നില്ല എന്ന ഇന്ത്യയുടെ ആരോപണം അസീസ് തള്ളി. ആക്രമണത്തിലെ പങ്കും ആക്രമണകാരികളുമായി ബന്ധപ്പെട്ട ഫോണ്‍വിളികളിലൊന്ന് ജെയ്ഷ് ആസ്ഥാനത്തേക്കായിരുന്നെന്ന വസ്തുതയും ഇന്ത്യയുടെ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.  
 
എന്നാല്‍ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാക് അധികൃതര്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ ഐ ആറില്‍ ജെയ്ഷ് ഇ മുഹമ്മദിനെയൊ അസ്ഹറിനെയൊ സംബന്ധിച്ച ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. അതേസമയം ഇന്ത്യയില്‍ നിന്ന് അക്രമികള്‍ വിളിച്ച അഞ്ച് പാക് നമ്പറുകളെക്കുറിച്ച് എഫ്‌ ഐ ആര്‍ പറയുന്നുണ്ട്.
 
അയല്‍രാജ്യത്ത് നടന്ന സംഭവത്തെക്കുറിച്ച് വ്യക്തതയില്ലാത്തതാണ് എഫ്‌ ഐ ആര്‍ വൈകാന്‍ കാരണമായതെന്നും ഇപ്പോഴത്തേത് ആദ്യ ഘട്ട റിപ്പോര്‍ട്ട് മാത്രമാണെന്നും ആക്രമണവുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ പിന്നീട് ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അന്വേഷണസംഘത്തിന് പത്താന്‍കോട്ട് സന്ദര്‍ശനത്തിന് ഇന്ത്യ സൗകര്യമൊരുക്കുമെന്ന് സമ്മതിച്ചതായും അസീസ് അറിയിച്ചു. നേരത്തേ അസ്ഹറിനെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യകതമാക്കിയ പാക് അധികൃതര്‍ പിന്നീട് ഇത് നിഷേധിച്ചിരുന്നു.