മര്‍ഡോക്ക്‌ വീണ്ടും; ബ്രിട്ടനില്‍ പുതിയ പത്രം!

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2012 (10:31 IST)
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്ന്‌ അടച്ചുപൂട്ടിയ ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡിനു പകരം പുതിയ ടാബ്ലോയിഡ് ഇറക്കാന്‍ മര്‍ഡോക്കിന്റെ തീരുമാനം. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ്‌ കോര്‍പറേഷന്‍ ഒരാഴ്ചക്കകം ടാബ്ലോയിഡ് പുറത്തിറക്കും എന്നാണ് അറിയുന്നത്. ന്യൂസ്‌ കോര്‍പറേഷന്‍ സിഇഒ ടോം മോക്‌റിജ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

ന്യൂസ്‌ കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ നിലവില്‍ പ്രസിദ്ധീകരിച്ചുവരുന്ന ദി സണ്‍ പത്രത്തിന്റെ അടുത്ത സണ്‍‌ഡേ എഡിഷനായാണ്‌ പുതിയ ടാബ്ലോയിഡിനെ അവതരിപ്പിക്കുക. ദ സണ്‍ ഓണ്‍ സണ്‍‌ഡേ എന്നായിരിക്കും പുതിയ ടാബ്ലോയിഡിന്റെ പേര്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പത്രമായിരുന്നു ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡ്‌. റിപ്പോര്‍ട്ടര്‍മാര്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെയാണ്‌ കഴിഞ്ഞ ജൂലൈയില്‍ ഈ പത്രം അടച്ചുപൂട്ടാന്‍ മര്‍ഡോക്ക്‌ നിര്‍ബന്ധിതനായത്‌. വിവാദം ഇരുവിധത്തില്‍ കെട്ടടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ടാബ്ലോയിഡുമായി മര്‍ഡോക്ക് ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്.