മകളെ അമ്മ ആസിഡിലിട്ട് ഉരുക്കി!

Webdunia
ബുധന്‍, 27 ഒക്‌ടോബര്‍ 2010 (19:15 IST)
സ്കിസോഫ്രേനിയ ബാധിച്ച അമ്മ തന്‍റെ മൂന്നുവയസുകാരിയായ മകളെ കുത്തിക്കൊല്ലുകയും ആസിഡിലിട്ട് മൃതദേഹം അലിയിച്ചുകളയാന്‍ ശ്രമിക്കുകയും ചെയ്തു. 25-കാരിയായ ഇമാന്‍ ഒമര്‍ യൂസഫാണ്‌ ഈ ക്രൂരകൃത്യം ചെയ്തത്. അലിയ അഹമ്മദ് ജമായുടെ ശരീരം വികൃതമായ നിലയില്‍ ഇമാന്‍റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു.

ഒരുദിവസം മുമ്പാണ്‌ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള സോഷ്യല്‍ വര്‍ക്കര്‍മാര്‍ അലിയയെ നിരീക്ഷിക്കാന്‍ എത്തിയത്. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ അലിയയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനാണ്‌ അവര്‍ എത്തിയത്. അവരെത്തിയപ്പോള്‍ സന്തോഷവതിയായ അലിയയെ കാണാന്‍ കഴിഞ്ഞെത്രെ.

എന്നാല്‍ അയല്‍ക്കാര്‍ അറിയിച്ചത് അനുസരിച്ച് ഇമാന്‍റെ വീട്ടില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടത് കറുത്ത് കരിവാളിച്ച് ഒരു അടയാളവും തിരിച്ചറിയാനാകാത്ത അലിയയുടെ മൃതശരീരമാണ്‌.

സള്‍ഫ്യൂരിക്ക് ആസിഡില്‍ മകളെ അമ്മ ഇട്ടിരിക്കണമെന്ന് പൊലീസ് പറഞ്ഞു. അലിയയുടെ നെഞ്ചില്‍ നിരവധി ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. മകളെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷമാണ്‌ അമ്മ ആസിഡില്‍ ഇട്ടതെത്രെ.

ഇമാനെതിരെ പൊലീസ് കൊലപാതകത്തിന്‌ കേസെടുത്തിട്ടുണ്ടെങ്കിലും കോടതിയില്‍ കേസ് തള്ളിപ്പോകാനാണ്‌ സാധ്യത. തീവ്രമായ പാരനോയ്‌ഡ് സ്കിസോഫ്രേനിയയ്ക്ക് അടിമയാണ്‌ ഇമാനെന്ന് ചികിത്സിക്കുന്ന മാനസികരോഗ വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍, മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന സ്ത്രീയുടെ പക്കല്‍ മൂന്നുവയസുകാരിയായ മകള്‍ എങ്ങിനെ എത്തിപ്പെട്ടു എന്ന് ഇനിയും വെളീപ്പെട്ടിട്ടില്ല.