മകന്റെ ടീ-ഷര്‍ട്ടില്‍ ‘ബോംബ്’; അമ്മയ്ക്കെതിരെ കേസ്!

Webdunia
വെള്ളി, 8 മാര്‍ച്ച് 2013 (15:52 IST)
PRO
PRO
മൂന്ന് വയസ്സുകാരനായ മകനെ “ഐ ആം എ ബോംബ്” എന്നെഴുതിയ ടീ-ഷര്‍ട്ട് ധരിപ്പിച്ച് സ്കൂളില്‍ പറഞ്ഞയച്ച അമ്മയ്ക്കെതിരെ കേസ്. തെക്കന്‍ ഫ്രാന്‍സില്‍ ആണ് സംഭവം. ബൌഷ്‌റ ബഗര്‍(35) എന്ന സ്ത്രീയാണ് കോടതി വിചാരണ നേരിടുന്നത്. ജിഹാദ് എന്ന് പേരുള്ള ഇവരുടെ മകന്‍ ധരിച്ച ടീ-ഷര്‍ട്ടില്‍ “ഐ ആം എ ബോംബ്”, “ബോണ്‍ ഓണ്‍ സെപ്തബര്‍ 11” എന്ന് എഴുതിയിട്ടുണ്ടായിരുന്നു.

സ്ത്രീയുടെ സഹോദരന്‍ സെയ്ദ് ആണ് ഈ ടീ-ഷര്‍ട്ട് വാങ്ങിക്കൊണ്ടുവന്നത്. ഇയാളും വിചാരണ നേരിടുന്നുണ്ട്. മകന്‍ സെപ്തംബര്‍ 11നാണ് ജനിച്ചതെന്ന് അറിയിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും, 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പരാമര്‍ശിച്ചിട്ടില്ലെന്നും ഈ സ്ത്രീ പറഞ്ഞു. ഭീകരവാദത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

കുറ്റം തെളിഞ്ഞാല്‍ സ്ത്രീയ്ക്കും സഹോദരനും അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും എന്നാണ് വിവരം. ഏപ്രില്‍ 10നാണ് കേസില്‍ വിധി പ്രസ്താവിക്കുക.