ഭൂചലനം: ഫുകുഷിമയില്‍ വീണ്ടും ഒഴിപ്പിക്കല്‍

Webdunia
വെള്ളി, 8 ഏപ്രില്‍ 2011 (08:44 IST)
PRO
ജപ്പാനില്‍ വ്യാഴാഴ്ച ഉണ്ടായ ശക്തമായ തുടര്‍ചലനത്തെ തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് വീണ്ടും ജീവനക്കാരെ ഒഴിപ്പിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.1 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും പിന്നീടത് പിന്‍‌വലിച്ചു.

കഴിഞ്ഞ മാസമുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് നാമാവശേഷമായ സെന്‍ഡായിക്ക് എഴുപതോളം കിലോമീറ്റര്‍ അകലെയാണ് വ്യാഴാഴ്ച തുടര്‍ ചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സെന്‍ഡായ് മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഫുകുഷിമയില്‍ ആണവ ചോര്‍ച്ച തടയാന്‍ നിയോഗിക്കപ്പെട്ട ജോലിക്കാരെയെല്ലാം പിന്‍‌വലിച്ചതായി അധികൃതര്‍ അറിയിച്ചു. ഹൈഡ്രജന്‍ സ്ഫോടനമുണ്ടാകാതിരിക്കാനായി റിയാക്ടറുകളിലേക്ക് നൈട്രജന്‍ വാതകം പമ്പ് ചെയ്യുന്ന ജോലി പുരോഗമിക്കുകയായിരുന്നു.

ജപ്പാന്‍ റിയാക്ടറുകളിലെ ആണവ ചോര്‍ച്ച പൂര്‍ണമായും തടയാനാവാത്തതില്‍ അയല്‍ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കടലിലേക്കുള്ള ആണവ ചോര്‍ച്ച തടയാനായി എന്ന് ജപ്പാന്‍ അധികൃതര്‍ പറയുന്നുണ്ട് എങ്കിലും ഇത് പൂര്‍ണമായും വിശ്വസിക്കാനാവില്ല എന്നാണ് അയല്‍ രാജ്യക്കാര്‍ കരുതുന്നത്.