ബ്രഡില്‍ രക്തം പുരണ്ട സൂചി കണ്ടെത്തി

Webdunia
ബുധന്‍, 6 ഫെബ്രുവരി 2013 (14:30 IST)
PRO
PRO
സാന്‍ഡ്‌വിച്ച് ഉണ്ടാക്കാന്‍ വാങ്ങിയ ബ്രഡില്‍ നിന്ന് സൂചി കണ്ടെത്തി. ബ്രിട്ടന്‍‌കാരിയ്ക്കാണ് ബ്രഡില്‍ നിന്ന് സൂചി കിട്ടിയത്. ഇതില്‍ ചോര പുരണ്ടിട്ടുണ്ടായിരുന്നു. ഹെറോയിന്‍ കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്നത് പോലെയുള്ള സൂചിയാണ് ഇതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രേറ്റ് മാഞ്ചസ്റ്ററിലെ പെന്‍ഡെല്‍ടണില്‍ നിന്നാണ് സ്ത്രീ ബ്രഡ് വാങ്ങിയത്. മകള്‍ക്ക് സാന്‍ഡ്‌വിച്ച് ഉണ്ടാക്കി നല്‍കാനായി ഇത് എടുത്ത് നോക്കിയപ്പോഴാണ് സൂചി കണ്ടെത്തിയത്. സൂചി അവര്‍ പൊലീസിന് കൈമാറുകയും ചെയ്തു.

തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ പൊലീസ് ഇതിന് ഉത്തരവാദിയായ ആളെ കണ്ടെത്തുകയും ചെയ്തു. 61കാരനായ ഡേവിഡ് രോഡ്‌ജര്‍ എന്നയാളാണ് ഇത് ചെയ്തത് എന്ന് വ്യക്തമായി. ഭാര്യയുമായി കടയില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഇത് ചെയ്തത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഭാര്യ കണ്ടുപിടിക്കാതിരിക്കുന്നതായി ഇയാള്‍ തന്ത്രപൂര്‍വ്വം സൂചി ബ്രഡ് പാക്കറ്റിലേക്ക് തള്ളിവയ്ക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇയാളെ വിചാരണ ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊതുജനത്തില്‍ ഉപദ്രവമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് ഇയാള്‍ക്ക് ജയില്‍ശിക്ഷ ലഭിക്കും എന്നാണ് വിവരം.