ബോസ്റ്റണ്‍ സ്‌ഫോടനം: ബോംബ് വച്ചയാളെ തിരിച്ചറിഞ്ഞു

Webdunia
വ്യാഴം, 18 ഏപ്രില്‍ 2013 (17:02 IST)
PRO
PRO
ബോസ്റ്റണ്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍നിന്നാണ് സുപ്രധാന തെളിവ് ലഭിച്ചത്. മാരത്തണിന്റെ ഫിനിഷ് ലൈനില്‍ ഒരാള്‍ ബോംബ് വയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പകര്‍ത്തിയത്.

സ്‌ഫോടനം നടന്ന സ്ഥലത്ത് കറുത്ത നിറമുള്ള ബാഗ് ഒരാള്‍ കൊണ്ടുവന്ന് വയ്ക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബോസ്റ്റണ്‍ ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അന്വേഷണ സംഘത്തിന് ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട സുപ്രധാന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് ബോസ്റ്റണ്‍ മേയറുടെ വക്താവ് ഡോട് ജോയ്‌സ് സ്ഥിരീകരിച്ചു.

അതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എഫ്ബിഐയും ബോസ്റ്റണ്‍ പൊലീസും അറിയിച്ചു. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അവര്‍ നിഷേധിച്ചു. ബോംബുവയ്ക്കാന്‍ ഉപയോഗിച്ച പ്രഷര്‍ കുക്കറിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ബോസ്റ്റണ്‍ മാരത്തണിനിടെ ഉണ്ടായ സ്‌ഫോടനങ്ങളില്‍ മൂന്നുപേര്‍ മരിക്കുകയും 180 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.