ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 16 മരണം. 35 പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ബാഗ്ദാദിന് വടക്ക് ഷഹാബ് ജില്ലയിലാന് സ്ഫോടനം നടന്നത്.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വക്താക്കള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും നാല് കുട്ടികളും ഉണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഏതാനും മാസങ്ങളായി ഇറാഖില്‍ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. എന്നാല്‍, ഫെബ്രുവരി പകുതിയോടെ ഇറാഖ് വീണ്ടും ക്രമസമാധാന തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് ബാഗ്ദാദിലും സദര്‍ സിറ്റിയിലുമായി ഉണ്ടായ സ്ഫോടനങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
2010 ഓടെ ഇറാഖില്‍ നിന്ന് സൈന്യത്തെ പിവലിക്കുമെന്ന ഒബാമയുടെ പ്രഖ്യാപനം വന്ന ശേഷമാണ് ഇറാഖില്‍ സ്ഫോടനങ്ങള്‍ ശക്തമായത്. കഴിഞ്ഞയാഴ്ച ബാഗ്ദാദിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് ആദ്യം നടന്ന മറ്റൊരു സ്ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും അന്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.