ബംഗ്ലാദേശില്‍ സൈനിക കലാപം തുടരുന്നു

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (14:21 IST)
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ബംഗ്ലാദേശ് റൈഫിള്‍സിന്‍റെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ സൈനിക കലാപം ഗ്രാമങ്ങളിലേയ്ക്കും പടരുന്നതായി റിപ്പോര്‍ട്ട്‌. ആക്രമം ഗ്രാമങ്ങളിലേയ്ക്ക് പടരുന്നതായി പൊലീസാണ് വാര്‍ത്ത പുറത്തു വിട്ടത്. 12 അതിര്‍ത്തി ജില്ലകളിലും കലാപം പടരുന്നതായി ടെലിവിഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ നടന്ന കലാപത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ബിഡിആര്‍ സൈനിക പ്രതിനിധികളുമായി പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീന ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് സൈനികര്‍ ആക്രമണം നിര്‍ത്തിയിരുന്നു. സൈനികരുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കലാപം അവസാനിപ്പിക്കാന്‍ തീരുമാനമായത്

എന്നാല്‍ ഇന്ന് രാവിലെ മുതല്‍ അര്‍ദ്ധ സൈനിക വിഭാഗമായ റൈഫിള്‍സിലെ ഭടന്‍‌മാര്‍ പല സ്ഥലങ്ങളിലും ആക്രമണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. തെരുവിലിറങ്ങിയ സൈനികര്‍ പലയിടത്തും പ്രകോപനപരമായി വെടിവയ്പ് നടത്തിയതായി അറിയുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

അതേസമയം, കലാപത്തെ കുറിച്ച് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അവരുടെ ഓഫീസ് അറിയിച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും ക്യാബിനറ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അവര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുക. ദേശീയ ചാനലിലൂടെയോ റേഡിയോയിലൂടെയോ ആകും പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുക.