പുതിയ ലോകത്തെ അടയാളപ്പെടുത്തിയ 500 കൊല്ലം മുമ്പുള്ള ഗ്ലോബ് കണ്ടെത്തി. 1500കളുടെ തുടക്കത്തിലാണ് ഈ ഗ്ലോബ് നിര്‍മ്മിച്ചതെന്നു കരുതുന്നു. ഗ്ലോബിനെക്കുറിച്ച് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും കൂടുതല്‍ പഠനത്തില്‍ ഗ്ലോബിന്റെ ഉത്ഭവം, ഭൂമിശാസ്ത്രം, ഉത്പത്തി എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായി ബെല്‍ജിയന്‍ ഗവേഷകനായ എസ് മിസിനി അറിയിച്ചു.
അമേരിക്കന്‍ വന്‍കരയെ ആദ്യമായി അടയാളപ്പെടുത്തിയത് ഈ ഗ്ലോബിലാണ് എന്നാണ് കരുതപ്പെടുന്നത്. ക്രിസ്റ്റഫര്‍ കൊളംബസ്, അമരിഗോ വെസ്പുച്ചി എന്നിവര്‍ അമേരിക്കയിലെത്തിയ കാലത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കാന്‍ ഗ്ലോബിലുള്ള ഈ ചിത്രങ്ങള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്‍.
വാഷിങ്ടണ്‍ മാപ്പ് സൊസൈറ്റി പറയുന്നത് ഈ ഗ്ലോബ് നിര്‍മ്മിച്ചിരിക്കുന്നത് ഇറ്റലിയിലെ ഫ്‌ളോറന്‍സിലാണെന്നാണ്. ഒട്ടകപ്പക്ഷിയുടെ മുട്ട ഉപയോഗിച്ചാണ് ഗ്ലോബ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലോബില്‍ രാക്ഷസരൂപങ്ങള്‍, വന്‍ തിരമാലകള്‍, കപ്പല്‍ച്ചേതത്തില്‍പ്പെട്ട നാവികന്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ഗ്ലോബിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ്, കമ്പ്യൂട്ടര്‍ ടോമോഗ്രാഫി ടെസ്റ്റിങ്, ഇങ്ക് അസസ്‌മെന്റ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ അവലോകനങ്ങളും ഗവേഷകര്‍ നടത്തിയിരുന്നു.
2012 ലെ ലണ്ടന്‍ മാപ്പ് ഫെയറില്‍ വെച്ച് ഈ ഗ്ലോബ് വാങ്ങിയ വ്യക്തിയാണ് ഗ്ലോബ് പഠനത്തിനായി നല്‍കിയത്.