പാക് പരസ്യത്തില്‍ ഇന്ത്യന്‍ പൊലീസ് ചിഹ്നം!

Webdunia
ശനി, 20 മാര്‍ച്ച് 2010 (09:56 IST)
PRO
ഭീകരതയ്ക്കെതിരെ പൊതുജന സഹകരണം ഉറപ്പുവരുത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ഇന്ത്യയിലെ പഞ്ചാബ് പൊലീസിന്റെ ചിഹ്നം ഉള്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിനു കാരണമായി.

പൊതു ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസിനോട് പരമാവധി സഹകരിക്കണം എന്നും ആഹ്വാനം ചെയ്യുന്ന പരസ്യം രാജ്യത്തെ മിക്ക ഇംഗ്ലീഷ്, ഉറുദു പേപ്പറുകളുടെ പ്രധാന താളില്‍ സ്ഥാനം പിടിച്ചിരുന്നു. പരസ്യത്തിന്റെ അവസാനം ‘പഞ്ചാബ് പൊലീസ്’ എന്ന വാചകത്തിനൊപ്പം ഇന്ത്യന്‍ പൊലീസിന്റെ ചിഹ്നം അച്ചടിച്ചതാണ് വിവാദമായത്.

സംഭവം അച്ചടിശാലയില്‍ നിന്നുള്ള പിഴവാണെന്ന് പാകിസ്ഥാനിലെ പഞ്ചാബ് പൊലീസ് തലവന്‍ താരിഖ് സലീം ഡോഗര്‍ വിശദീകരണം നല്‍കി.

ജനുവരിയില്‍ ഇന്ത്യയിലും സമാനമായ വിവാദം ഉണ്ടായിരുന്നു. ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കും കപില്‍ദേവിനും ഒപ്പം പാകിസ്ഥാന്‍ മുന്‍ വ്യോമസേന മേധാവി തന്‍‌വീര്‍ അഹമ്മദിന്റെ ചിത്രവും വന്നതാണ് വിവാദത്തിനു കാരണമായത്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഖേദം പ്രകടിപ്പിച്ചിരുന്നു.