പാക് ആണവ കരാറുമായി ചൈന മുന്നോട്ട്?

Webdunia
ബുധന്‍, 23 ജൂണ്‍ 2010 (12:54 IST)
ഇന്ത്യയും യുഎസും ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ചെവികൊടുക്കാതെ പാകിസ്ഥാനുമായി ചേര്‍ന്നുള്ള ആണവ കരാര്‍ നടപ്പാക്കാന്‍ ചൈന ഒരുങ്ങുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 650 മെഗാവാട്ട് ശേഷിയുള്ള രണ്ട് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനാണ് ചൈന സഹായം നല്‍കുന്നത്.

നാളെ ന്യൂസീലന്‍ഡില്‍ നടക്കാനിരിക്കുന്ന 46 അംഗ ആണവ വിതരണ രാജ്യങ്ങളുടെ യോഗത്തില്‍ ആണവകരാറുമായി മുന്നോട്ടു പോവാനുള്ള തീരുമാനം പ്രഖ്യാപിക്കുമെന്ന് ‘ചൈന ഡെയ്‌‌ലി’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

സമാധാനപരമായ ആഭ്യന്തര ഊര്‍ജ്ജ ആവശ്യങ്ങള്‍ നേരിടുന്നതിന് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ നിബന്ധനകള്‍ക്ക് അനുസൃതമായാണ് പാകിസ്ഥാനുമായുള്ള ആണവ കരാര്‍ എന്നാണ് ചൈനയുടെ വിശദീകരണം. പാകിസ്ഥാന് ആണവ റിയാക്ടറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിമുള്ള 2.375 ബില്യന്‍ ഡോളറിന്റെ കരാറിനെക്കുറിച്ച് ചൈനീസ് ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പ്പറേഷന്‍ ഏപ്രിലില്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് പുറം‌ലോകം അറിയുന്നത്.

പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനിയുടെ ചൈനാ സന്ദര്‍ശന സമയത്ത് പാകിസ്ഥാനുമായുള്ള സൈനിക ബന്ധം ശക്തമാക്കുമെന്ന് ചൈനീസ് പ്രതിരോധമന്ത്രി പ്രഖ്യാപിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.