പലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയദ് രാജിവെച്ചു

Webdunia
ഞായര്‍, 14 ഏപ്രില്‍ 2013 (11:52 IST)
PRO
PRO
പലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയദ് രാജിവെച്ചു. പലസ്തീന്‍ ഗവണ്‍മെന്റ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ പിന്തുടര്‍ന്ന സാമ്പത്തിക നയങ്ങളാണ് രാജിയില്‍ കാരണമായത്. ഫയദിന്‍റെ രാജി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വീകരിച്ചു. പുതിയ ഗവണ്‍മെന്റ് രൂപീകൃതമാകുന്നതുവരെ സേവനം തുടരണമെന്ന് ഫയദിനോട് പ്രസിഡന്റ് ആവശ്യപ്പെട്ടു.

2007 മുതല്‍ പലസ്തീന്റെ പ്രധാനമന്ത്രിയായിരുന്നു 61കാരനായ ഫയദ്. ഇതേസമയം രാജിവെക്കാനുള്ള ഫയദിന്റെ തീരുമാനത്തെ ഹമാസ് സ്വാഗതം ചെയ്തു. പലസ്തീന്‍- ഇസ്രയേല്‍ വിഷയത്തില്‍ സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍ പ്രധാനമന്ത്രി രാജിവെച്ചത് അമേരിക്കയ്ക്ക് തിരിച്ചടിയാണ്. മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കിയ വ്യക്തിയായിരുന്ന ഫയദ്.
പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കാലങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് സലാം ഫയദിന്റെ രാജിയോടെ താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. സാമ്പത്തിക നയങ്ങളുടെ പേരില്‍ പ്രസിഡന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പലസ്തീന്‍ ധനമന്ത്രി നബീല്‍ കസ്സിസ് രാജിവെച്ചിരുന്നു. തുടര്‍ന്ന് ഫയാദ് രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

ഫയദും മഹ്മൂദ് അബ്ബാസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇടപെട്ടിരുന്നെങ്കിലും തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. അന്താരാഷ്ട്രതലത്തില്‍ സ്വീകര്യനായ ഫയദിന് പകരം ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണ്ടെത്താന്‍ പ്രസിഡന്റിന് ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്.