ന്യൂയോര്‍ക്ക്‌ മേയര്‍ക്ക് വിഷക്കത്ത്!

Webdunia
വെള്ളി, 31 മെയ് 2013 (17:13 IST)
PRO
ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗിനു റിസിന്‍ എന്ന മാരക വിഷമടങ്ങിയ കത്തു ലഭിച്ചു. പിങ്കും ഓ‍റഞ്ചും നിറം കലര്‍ന്ന എണ്ണമയമുള്ള വസ്‌തുവാണ് കത്തില്‍ അടങ്ങിയിരുന്നത്. കത്തുകള്‍ കൈകാര്യം ചെയ്‌ത മൂന്നു ഉദ്യോഗസ്ഥര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ആവണക്കിന്റെ കുരു സംസ്കരിച്ചെടുക്കുന്ന റിസിന്‍ ശരീരത്തിലെ കോശങ്ങളുടെ പ്രോട്ടീന്‍ ഉല്‍പാദനശേഷിയെ തകര്‍ക്കുന്ന മാരകമായ വിഷമാണ്‌.

റിസിന്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം. ഈ വിഷത്തിനുള്ള മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല. യു എസിലെ പല പ്രമുഖര്‍ക്കും റിസിന്‍ അടങ്ങിയ കത്തുകള്‍ ലഭിച്ചിരുന്നു.

പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്ക്കും സെനറ്റ്‌ അംഗം റോജര്‍ വിക്കറിനും മിസിസിപ്പി കോടതിയിലെ ഉദ്യോഗസ്ഥനും ലഭിച്ച കത്തുകളില്‍ റിസിന്‍ കണ്ടെത്തിയിരുന്നു‌. വിഷക്കത്ത് സംഭവത്തില്‍ മിസിസിപ്പിയില്‍ നിന്നുള്ള പോള്‍ കെവിന്‍ കര്‍ട്ടിസ്‌ എന്നയാളെ എഫ് ബി ഐ അറസ്റ്റ്‌ ചെയ്‌തിരുന്നു.

ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ക്ക് ലഭിച്ച വിഷക്കത്തില്‍ യു എസിലെ തോക്കു നിയമം സംബന്ധിച്ച സംവാദത്തെക്കുറിച്ച് പരാമര്‍ശമുണ്ട്‌. തോക്കു നിയന്ത്രണത്തിനു വേണ്ടി ഏറ്റവും ശക്‌തമായി വാദിക്കുന്നവരില്‍ ഒരാളാണു ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ ബ്ലൂംബര്‍ഗ്‌. കത്തിന്റെ വിശദാംശങ്ങള്‍ പൊലീസ്‌ പുറത്തുവിട്ടിട്ടില്ല.