നെരൂദയെ കൊലപ്പെടുത്തിയതോ? മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കും

Webdunia
വ്യാഴം, 4 ഏപ്രില്‍ 2013 (14:58 IST)
PRO
PRO
ലോകപ്രശസ്ത എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദയുടെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് പരിശോധിക്കും. അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നെരൂദയുടെ മരണത്തിലെ ദുരുഹത നീക്കാനാണ് ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്.

1973 ലാണ് നെരൂദയുടെ അന്ത്യം സംഭവിച്ചത്. അറുപത്തിയൊമ്പതാം വയസിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധയാണ് മരണകാരണം എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ വിഷബാധയേറ്റാണ് നെരൂദ മരിച്ചതെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വിഷം കുത്തിവച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നാണ് ചിലര്‍ വാദിക്കുന്നത്.

സോഷ്യലിസ്റ്റ് നേതാവ് സാല്‍വദോര്‍ അലന്‍ഡെയുടെ ഉറ്റ സുഹൃത്തായിരുന്നു നെരൂദ. ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റായ അലന്‍ഡെയെ സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയതിന് തൊട്ടുപിന്നാലെയാണ് നെരൂദയുടെ മരണം. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

2011 ലാണ് ചിലി സര്‍ക്കാര്‍ നെരൂദയുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. അര്‍ജന്‍റീന, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരാണ് മൃതദേഹം പരിശോധിക്കുക.