സിംഗപ്പൂരില്‍ നിര്‍മ്മാണ തൊഴിലാളി വിസയില്‍ എത്തി ബാര്‍ബര്‍ പണിയെടുത്ത രണ്ട് ഇന്ത്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദാസ് ലലാശ് ചന്ദ്ര, തുരുവാല വിശ്വനാഥം എന്നിവരെയാണ് സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുപതിനായിരം ഡോളര്‍ പിഴയും രണ്ടുകൊല്ലം ജയില്‍ ശിക്ഷയും കിട്ടാവുന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. തുവാസ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്ത് നടപ്പാതയില്‍ താത്കാലിക ടെന്റ് കെട്ടി ക്ഷൗരപ്പണി നടത്തുകയായിരുന്നു പലരും. ബാര്‍ബര്‍ഷോപ്പുകളില്‍ മുടിവെട്ടാന്‍ 10 ഡോളര്‍ നല്‍കണം.
എന്നാല്‍ ഇവര്‍ 4 ഡോളറിന് മുടിവെട്ടിക്കൊടുത്തുകൊണ്ടിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ ബാര്‍ബര്‍ പണിക്കെത്തി തുടര്‍ന്ന് മറ്റ് ബാര്‍ബര്‍ ഷോപ്പില്‍ ഉള്ളവര്‍ മനുഷ്യശേഷി മന്ത്രാലയത്തിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അധികാരികള്‍ റെയ്ഡിനിറങ്ങിയപ്പോള്‍ വഴിവക്കില്‍ ക്ഷൌരം ചെയ്ത പലരും ഓടി രക്ഷപ്പെട്ടു.
അവസാനം മൂന്നു പേരാണ് പിടിയിലായത്. ഇന്ത്യക്കാരല്ലാതെ ഒരു ബംഗ്ലാദേശിയാണ് പൊലീസ് പിടിയിലായത്. നാട്ടിലുള്ള വീട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാന്‍ വേണ്ടിയാണ് അധിക ജോലിയായി ബാര്‍ബര്‍ പണിക്കിറങ്ങിയതെന്ന് പിടിയിലായവരില്‍ ദാസ് ലലാശ് ചന്ദ്ര, തുരുവാല വിശ്വനാഥം എന്നിവര്‍ പറഞ്ഞു.