കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരെ ഇറ്റലിയില്‍ പ്രതിഷേധം. രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗിലിയോ ടെര്‍സി രാജി വയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
വലതുപക്ഷ പാര്‍ട്ടികളാണ് വിദേശകാര്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. എന്നാല്‍ രാജി വയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ഉണ്ടാക്കിയ ചില ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് നാവികരെ തിരിച്ചയച്ചതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വധശിക്ഷ വിധിക്കില്ലെന്നും ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ ഉറപ്പുകള്‍ നാവികര്‍ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
നാവികരായ മാസിമിലൈനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നിവര്‍ പ്രത്യേക സൈനികവിമാനത്തിലാണ് ഇറ്റലിയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ഇന്ത്യയിലെത്തിച്ചേര്‍ന്നത്. ഇറ്റാലിയന്‍ എംബസിയിലായിരിക്കും ഇവരുടെ താമസം. ഇവര്‍ക്ക്ഡല്‍ഹിയില്‍ സഞ്ചരിക്കാമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. ഇവര്‍ തിരിച്ചെത്തിയ വിവരം തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കും.