ധാക്ക സൈനിക കലാപം അവസാനിച്ചു

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (10:30 IST)
ബംഗ്ലാദേശില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് അര്‍ദ്ധസൈനിക വിഭാഗം നടത്തിയ കലാപം അവസാനിച്ചു. ബംഗ്ലാദേശ്‌ റൈഫിള്‍സ്(ബിഡിആര്‍) പ്രതിനിധികളുമായി പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീന ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് കലാപം അവസാനിച്ചത്. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് തടവിലാക്കിയ ഉദ്യോഗസ്ഥരെ ഭടന്‍‌മാര്‍ മോചിപ്പിച്ചു. കലാപമുയര്‍ത്തിയവര്‍ക്കു പൊതുമാപ്പ് നല്‍കുമെന്നു പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

അതേസമയം, സൈനിക കലാപത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിരക്ഷാ സേനയായ ബംഗ്ലാദേശ്‌ റൈഫിള്‍സിന്‍റെ ഇവിടെയുള്ള ഹെഡ്‌ ക്വാര്‍ട്ടേഴ്സില്‍ ഭടന്മാര്‍ നടത്തിയ കലാപത്തില്‍ 50 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന്‌ നിയമമന്ത്രി മുഹമ്മദ്‌ ഖ്വാമറുല്‍ ഇസ്‌ലാം പറഞ്ഞു. കലാപത്തില്‍ മൂന്നുപേര്‍ മരിച്ചതായും 13 പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കലാപം നടത്തിയവര്‍ ഉപയോഗിച്ച ചൈനീസ്‌ ഓട്ടോമാറ്റിക്‌ റൈഫിള്‍സ്‌, ബുള്ളറ്റുകള്‍, ഗ്രനേഡുകള്‍ തുടങ്ങിയവ ആഭ്യന്തര മന്ത്രി സഹാറ ഖാതൂണിന്‌ കൈമാറി. ഡയറക്ടര്‍ ജനറല്‍ അടക്കമുള്ളവരെ കലാപകാരികള്‍ ബന്ദികളാക്കിയിരുന്നു. ഇന്നലെ രാവിലെയോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം തുടങ്ങിയ ഉടനെ പട്ടാളം ബിഡിആറിന്‍റെ ഹെഡ് ക്വാര്‍ട്ടേര്‍ഴ്സ് വളഞ്ഞിരുന്നു.