ആഭ്യന്തര കലാപം ശക്തമായ ദക്ഷിണ സുഡാനില്‍ സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഉപകരിക്കുന്നതായിരിക്കും കരാറെന്ന് വിമത നേതാവ് ടബന്‍ ഡെംഗ് പറഞ്ഞു.
ഐത്യോപ്യയില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് താല്‍ക്കാലിക കരാറില്‍ ഇരുവിഭാഗവും ഒപ്പുവെച്ചത്. സമാധാന ചര്‍ച്ച ഫെബ്രുവരി ഏഴ് മുതല്‍ വീണ്ടും ആരംഭിക്കും. പ്രസിഡന്റ് സില്‍വാ കിരന്റെ ധിന്‍ക്കാ ഗോത്ര വിഭാഗവും മുന്‍ വൈസ് പ്രസിഡന്റ് റിക്ക് മച്ചിറന്റെ ന്യൂലര്‍ ഗോത്ര വിഭാഗവും തമ്മിലുള്ള അധികാര പോരാട്ടമാണ് രാജ്യത്തെ ആഭ്യന്തര കലാപത്തിന് ഇടയാക്കിയത്.
ഈ മാസം മാത്രം വംശീയ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഒരു മാസമായി തുടരുന്ന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇതിനകം അഞ്ച് ലക്ഷം പേര്‍ സ്വവസതികള്‍ ഉപേക്ഷിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് പലായനം ചെയ്‌തെന്നാണ് വിവരം.
ഇതേസമയം സര്‍ക്കാരിനെതിരെ പോരാടുന്ന വിമതരെ പൂര്‍ണമായും പിന്തിരിപ്പിക്കാന്‍ വിമത നേതൃത്വത്തിന് സാധിക്കുമോ എന്ന സംശയത്തിലാണ് സര്‍ക്കാര്‍. വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന രണ്ട് നഗരങ്ങള്‍ കഴിഞ്ഞ ആഴ്ച്ച സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തിരുന്നു.