ദക്ഷിണ കൊറിയയിലെ കപ്പല്‍ ദുരന്തത്തില്‍ കാണാതായ 270 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെടുക്കാനേ കഴിഞ്ഞിട്ടുള്ളൂ. 179 പേരെ രക്ഷപ്പെടുത്തി. യാത്രക്കാരും ജീവനക്കാരുമായി 475 പേരാണു കപ്പലിലുണ്ടായിരുന്നത്.
വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് പുറപ്പെട്ട ബോട്ട് ബുധനാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു. ജെജുവിലേക്ക് സിവോള്‍ എന്ന കപ്പലിലാണ് സംഘം ഉല്ലാസയാത്രയ്ക്കു പുറപ്പെട്ടത്. കപ്പല്‍ ദുരന്തത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പാറയില്‍ ഇടിച്ചോ, കപ്പലിലെ ചരക്ക് മാറ്റിവെക്കുന്നതിനിടെ ഉലഞ്ഞോ കപ്പല്‍ മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.
മറിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ കപ്പല്‍ മുങ്ങി. അപകടം നടക്കുമ്പോള്‍ കപ്പലിലെ മൂന്നാമത്തെ ഓഫീസറാണ് കപ്പല്‍ നിയന്ത്രിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഇതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വിവരങ്ങള്‍ അറിയിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കപ്പലിലുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആരോപിച്ചു.