മുംബൈ ഭീകരാക്രമണത്തെ കുറിച്ച് പാകിസ്ഥാന്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി പറഞ്ഞു. പാകിസ്ഥാനില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല എന്ന് ഇന്ത്യ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചതിനു പിന്നാലെയാണ് ഗീലാനിയുടെ പ്രസ്താവന വന്നിരിക്കുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകളെ കുറിച്ച് ഗൗരവമായി അന്വേഷണം നടത്തുമെന്ന് പാകിസ്ഥാന്‍ ലോകത്തിന് ഉറപ്പു നല്‍കിയതാണ്. അതുകൊണ്ടുതന്നെ സുതാര്യമായ അന്വേഷണം പാകിസ്ഥാന്‍ ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. ലോകത്തെയും ഇന്ത്യയെയും വിശ്വാസത്തിലെടുത്തുകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഗിലാനി അറിയിച്ചു.
പാകിസ്ഥാന്‍റെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായതായും ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് പാകിസ്ഥാന്‍ സമര്‍ത്ഥിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.