ഡ്രൈവര്‍ 8 പേരെ വെടിവച്ചു കൊന്നു

Webdunia
ബുധന്‍, 4 ഓഗസ്റ്റ് 2010 (10:08 IST)
മാഞ്ചസ്റ്ററില്‍ ഒരു ബീര്‍ സംഭരണശാലയിലെ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു ഡ്രൈവര്‍ എട്ട് തൊഴിലാളികളെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ബീര്‍ മോഷ്ടിച്ച കുറ്റത്തിന് ജോലിയില്‍ നിന്ന് പുറത്താക്കിയതാണ് പ്രകോപനത്തിനു കാരണമായതെന്ന് കരുതുന്നു.

ചൊവ്വാഴ്ച രാവിലെ ഷിഫ്റ്റ് മാറുന്ന സമയത്താണ് ഒമര്‍ തോര്‍ന്‍‌ന്റന്‍ (34) എന്ന ഡ്രൈവര്‍ സംഭരണ കേന്ദ്രത്തിലെത്തി സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിച്ചത്. ഇയാള്‍ ആരെയെങ്കിലും പ്രത്യേകമായി ലക്‍ഷ്യമിട്ടാണോ നിറയൊഴിച്ചതെന്ന് വ്യക്തമല്ല.

ഇതിനിടെ, വംശീയമായി അധിക്ഷേപിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാളുടെ കാമുകി പറഞ്ഞു. എന്നാല്‍, ഇയാള്‍ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടതായി തിങ്കളാഴ്ച രാത്രി മുഴുവന്‍ കൂടെയുണ്ടായിരുന്ന കാമുകിയോട് പറഞ്ഞിരുന്നില്ല എന്നും തൊഴില്‍ സ്ഥലത്ത് അത്തരമൊരു സാഹചര്യം നിലവിലില്ല എന്നും സംഭരണശാലയുടെ ഉടമ പറയുന്നു.

ആക്രമണം നടക്കുന്ന സമയത്ത് എഴുപതോളം തൊഴിലാളികള്‍ ബിയര്‍ സംഭരണശാലയില്‍ ഉണ്ടായിരുന്നു. വെടിവയ്പ് നടത്തിയ ശേഷം ഡ്രൈവര്‍ തന്റെ മാതാവിനെ ഫോണില്‍ വിളിച്ചു എന്നും പൊലീസ് എത്തിയ ശേഷമാണ് ഇയാള്‍ സ്വയം വെടിവച്ച് മരിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.