ട്വിറ്റര്‍ മാജിക്! 11 വര്‍ഷം കഴിഞ്ഞ് മകളെ കിട്ടി

Webdunia
ശനി, 26 ഫെബ്രുവരി 2011 (14:49 IST)
PRO
ആത്മരതിയുടെ കേന്ദ്രസ്ഥാനമായി ട്വിറ്ററിനെ കാണുന്നവരുണ്ട്. സ്വന്തം അപദാ‍നങ്ങള്‍ വാഴ്ത്തിപ്പാടാന്‍ മികച്ചൊരു ഇടമായി ട്വിറ്ററിനെ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ ട്വിറ്ററിന് ചില സാമൂഹിക കര്‍ത്തവ്യങ്ങള്‍ കൂടി നിര്‍വഹിക്കാന്‍ സാധിക്കുമെന്നതിന് തെളിവായി ഇനി ഡാനിയേല്‍ മൊറേല്‍‌സ് നിലകൊള്ളും.

കിടന്നുറങ്ങാന്‍ ഒരു കൂരയില്ലാത്ത ദരിദ്രരായ അമേരിക്കക്കാരില്‍ ഒരാളാണ് അമ്പത്തിയെട്ടുകാരനായ മൊറേല്‍‌സ്. ഇദ്ദേഹം തന്നെ പിരിഞ്ഞ മകളെ ട്വിറ്ററിലൂടെ കണ്ടെത്തി, പതിനൊന്ന് വര്‍ഷത്തിനു ശേഷം!

ബാര്‍ടില്‍ ബോഗള്‍ ഹെഗാര്‍ടി എന്ന പരസ്യക്കമ്പനിയിലെ ഇന്‍റേണികള്‍ ചേര്‍ന്ന് നടപ്പാക്കിയ “അണ്‍ഹിയേഡ് ഇന്‍ ന്യൂയോര്‍ക്ക്” എന്ന പദ്ധതിയാണ് 11 വര്‍ഷം മുന്‍പ് വേര്‍പെട്ടുപോയ തന്‍റെ മകളെ കണ്ടെത്താന്‍ മൊറേല്‍‌സിനെ സഹായിച്ചത്. പദ്ധതിയുടെ ഭാഗമായി, ആഭ്യന്തര കലാപങ്ങളിലും മറ്റും പെട്ട് ഭവനരഹിതരായി സര്‍ക്കാരിന്‍റെ അഭയാര്‍ത്ഥിക്യാമ്പുകളിലും മറ്റും കഴിയുന്ന അമേരിക്കക്കാര്‍ക്ക് ഓരോ പ്രിപെയ്ഡ് സിം കാര്‍ഡ് നല്‍കി. കൂടാതെ, അതുപയോഗിച്ച് എല്ലാവര്‍ക്കും ട്വിറ്റര്‍ അക്കൌണ്ടും സൃഷ്ടിച്ചു. വിപ്ലവകരമായി വളര്‍ന്ന ആശയവിനിമയ ഉപാധികള്‍ സാധാരണക്കാര്‍ക്കു വേണ്ടി ഉപയോഗിക്കുക എന്ന ആശയമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

ട്വിറ്റര്‍ അക്കൌണ്ട് ലഭിച്ച ഡാനിയേല്‍ മൊറേല്‍‌സ് അതുവഴി തന്‍റെ മകള്‍ സാറ റിവേറയെ തിരയാം എന്ന് കണക്കുകൂട്ടി. കഴിഞ്ഞ ബുധനാഴ്ച മൊറേല്‍‌സ് ഇങ്ങനെ ട്വീറ്റ് ചെയ്തു - “ഹയ്. ഞാന്‍ എന്നെ പിരിഞ്ഞ മകള്‍ സാറയെ തിരയുകയാണ്. അവളെ ഞാന്‍ അവസാനം കാണുമ്പോള്‍ 16 വയസ്സ് പ്രായം. ഇപ്പോള്‍ അവള്‍ക്ക് 27 വയസ്സ് കാണും. അവളെ കണ്ടെത്തുന്നവര്‍ എന്‍റെ നമ്പരില്‍ വിളിക്കുക”

പിറ്റേദിവസം തന്നെ അദ്ദേഹത്തിന് മകളുടെ വിളി വന്നു. അവള്‍ തന്‍റെ രണ്ട് മക്കളുമൊത്ത് ബ്രൂക്ലിനിലെ ഒരു സര്‍ക്കാര്‍ അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുകയാണ്. തന്‍റെ മക്കള്‍ക്ക് മുത്തച്ഛനെ കാട്ടിക്കൊടുക്കാനുള്ള ആവേശത്തിലാണവള്‍‍. “എനിക്കറിഞ്ഞുകൂടാ, എന്താണ് പറയേണ്ടതെന്ന്” - ആഹ്ലാദക്കണ്ണീരിനിടയില്‍ സാറ പ്രതികരിച്ചു.

പ്രശസ്തിയുണ്ടാക്കുന്ന എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുക എന്ന പരസ്യക്കമ്പനിയുടെ ആവശ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്‍റേണികള്‍ പുതിയ പദ്ധതി തയ്യാറാക്കിയത്. വെറുതെ കുറുകിയിരിക്കാന്‍ മാത്രമല്ല ട്വിറ്റര്‍ പോലുള്ള സാമൂഹിക സൈറ്റുകള്‍ എന്ന തങ്ങളുടെ വാദം സദ് പ്രവര്‍ത്തിയിലൂടെ ഉറപ്പിച്ച ആവേശത്തിലാണ് ഇവര്‍.