ടാറ്റാ മോട്ടോഴ്‌സ് എം ഡി ജീവനൊടുക്കിയത് ഭാര്യയുമായി വഴക്കിട്ട ശേഷം

Webdunia
ബുധന്‍, 29 ജനുവരി 2014 (10:57 IST)
PTI
PTI
ടാറ്റാ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടര്‍ കാള്‍ സ്ലിമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഭാര്യ സാലിയുമായി വഴക്കിട്ട ശേഷമാണ് സ്ലിം ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് ചാടിയത് എന്നാണ് വിവരം.

സ്ലിം എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി തായ് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പക്ഷേ ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഭാര്യ സാലി എഴുതിയ കുറിപ്പായിരുന്നു അത് എന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. കത്ത് വായിച്ചതിന് ശേഷമാണ് സ്ലിം ജീവനൊടുക്കിയത് എന്നാണ് നിഗമനം.

ഞായറാഴ്ചയാണ് കാള്‍ സ്ലിമ്മിനെ (51)​ ബാങ്കോക്കിലെ ഹോട്ടലിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാറ്റാ മോട്ടോഴ്സ്‌ തായ്‌ലന്‍ഡ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനാണ് കാള്‍ സ്ലിം ബാങ്കോക്കില്‍ എത്തിയത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഷാങ്രി-ലാ ഹോട്ടലിന്റെ ഇരുപത്തിരണ്ടാം നിലയിലെ മുറിയിലാണ് ഇവര്‍ കഴിഞ്ഞത്. ഹോട്ടലിന്റെ നാലാം നിലയില്‍ വീണുകിടക്കുന്ന കാളിന്റെ മൃതദേഹം ഹോട്ടല്‍ ജീവനക്കാരനാണ് കണ്ടെത്തിയത്. ജനാല വഴി ചാടി കാള്‍ ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ മല്‍‌പിടുത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

ബ്രിട്ടന്‍കാരനാണ് കാള്‍. 2012 സെപ്‌റ്റംബറിലാണ്‌ ടാറ്റാ മോട്ടോഴ്സ്‌ എംഡി ആയി സ്ഥാനമേറ്റത്.