ജോലിക്കാരിക്കു മേല്‍ ആണിയടിച്ച് ശിക്ഷ!

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2010 (11:04 IST)
വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ ഒരു കഥ കൂടി സൌദി അറേബ്യയില്‍ നിന്ന് പുറത്തു വന്നു. ശ്രീലങ്കന്‍ വംശജയായ ഒരു അമ്പതുകാരിയുടെ ശരീരത്തില്‍ 23 ആണി അടിച്ചുകയറ്റിയ ക്രൂരതയാണ് ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നത്.

അരിയവതി എന്ന സ്ത്രീക്കാണ് താന്‍ ജോലി നോക്കിയിരുന്ന സൌദി കുടുംബത്തില്‍ നിന്ന് പൈശാചിക പീഡനം അനുഭവിക്കേണ്ടി വന്നത്. പീഡനത്തില്‍ നിന്ന് രക്ഷ നേടാനായി സ്വന്തം ചെലവില്‍ ശ്രീലങ്കയിലേക്ക് മടങ്ങിയ ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

വളരെയധികം അംഗസംഖ്യയുള്ള ഒരു സൌദി കുടുംബത്തിലാണ് അരിയവതി ജോലി നോക്കിയിരുന്നത്. പകലന്തിയോളം പണിയെടുത്താലും വിശ്രമിക്കാന്‍ അനുവാദമില്ലായിരുന്നു. ഒരിക്കല്‍ ക്ഷീണം കാരണം വിശ്രമിച്ചതിനുള്ള ശിക്ഷയായാണ് തന്റെ ശരീരത്തില്‍ ആണിയടിച്ചു കയറ്റിയത് എന്ന് ഇവര്‍ ഒരു ശ്രീലങ്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇവരുടെ ശരീരത്തില്‍ ആണി തുളച്ചു കയറിയ പാടുകളും ചാനല്‍ എടുത്തു കാട്ടി.

ഇവരെ സൌദിയില്‍ എത്തിച്ച ഏജന്റിനെ കണ്ടെത്താന്‍ കഴിഞ്ഞു എന്ന് റിയാദിലെ ശ്രീലങ്കന്‍ എംബസ്സി അധികൃതര്‍ അറിയിച്ചു. കൊളംബോയില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്ത്രീയുടെ സ്പോണ്‍സര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും എംബസ്സി അറിയിച്ചു.