ജമാഅത്ത്‌ ഉദ് ദാവയ്ക്ക് പാക്ക്‌ സര്‍ക്കാര്‍ സഹായം

Webdunia
ബുധന്‍, 16 ജൂണ്‍ 2010 (16:20 IST)
PRO
നിരോധിത തിവ്രവാദ സംഘടനയായ ജമാഅത്ത്‌ ഉദ് ദാവയ്ക്ക്‌ പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യാ സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 82.77 മില്യണ്‍ രൂപയുടെ സഹായമാണ് സര്‍ക്കാര്‍ ജമാ‍‌അത്ത് ഉദ്‌ദാവയ്ക്ക് നല്‍കിയതെന്ന് സര്‍ക്കാരിന്‍റെ ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു.

ജമാഅത്ത്‌ തലസ്ഥാനായ മര്‍ക്കസ്‌ ഇ ത്വൊബയ്ക്ക്‌ 79 മില്യന്‍ ഡോളറാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അനുബന്ധ ബജറ്റില്‍ പി എം എല്‍(എന്‍) സര്‍ക്കാര്‍ അനുവദിച്ചത്‌. പഞ്ചാബിലെ വിവിധ ജില്ലകളില്‍ ജമാഅത്ത്‌ നടത്തുന്ന സ്കൂളുകള്‍ക്കുള്ള ഗ്രാന്റായി 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്‌.

ജമാ‌അത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്ന് പ്രവിശ്യാ നിയമമന്ത്രി റാണ സനാവുളളയും സമ്മതിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ജമാഅത്തിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചശേഷമാണ് ഈ സാമ്പത്തിക സഹായം അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാ അത്ത് നടത്തുന്ന സാമൂഹികസേവനങ്ങള്‍ക്കായാണ് തുക അനുവദിച്ചതെന്നും സനാവുളള പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് ലഷ്കര്‍ ഇ ത്വൊയ്ബയുടെ ഉപവിഭാഗമായ ജമാഅത്ത് ഉദ്‌ദാവയെ യു എന്‍ സുരക്ഷാ സമിതി നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്.