ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് ഇല്ല

Webdunia
ശനി, 13 ഏപ്രില്‍ 2013 (08:35 IST)
PRO
PRO
ജപ്പാനില്‍ ശക്തമായ ഭൂചലനം. ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്താണ് റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളാപായമുണ്ടായതായി അറിവയിട്ടില്ല. സുനാമി ഭീഷണി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പ്രദേശിക സമയം അഞ്ചരയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്‌.

കബേ നഗരത്തിന്‌ സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 1995ല്‍ ഇവിടെ ഉണ്ടായ ഭൂകമ്പത്തില്‍ ആറായിരത്തോളം പേര്‍ മരിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഇവിടെ ട്രെയിന്‍ സര്‍വീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്‌. കാന്‍സായി വിമാനത്താവളവും താത്കാലികമായി അടച്ചു.

2011 മാര്‍ച്ചില്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത്‌ ആഞ്ഞടിച്ച സുനാമി തിരകളില്‍ പെട്ട്‌ 19,000 ത്തോളം പേര്‍ക്ക്‌ ജീവഹാനി സംഭവിച്ചിരുന്നു. റിക്ടര്‍ സ്കെയിലില്‍ 9.0 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അന്ന്‌ ഉണ്ടായത്‌. ഫുക്കുഷിമ ആണവനിലയത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.