ചിമ്പാന്‍സി കാര്‍ട്ടൂണ്‍: പത്രം മാപ്പപേക്ഷിച്ചു

Webdunia
വെള്ളി, 20 ഫെബ്രുവരി 2009 (18:36 IST)
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ കുരങ്ങനാക്കി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് പോസ്റ്റ് മാപ്പ് പറഞ്ഞു. അമേരിക്കയില്‍ കാ‍ര്‍ട്ടൂണ്‍ വംശീയ വിവാദം ഉയര്‍ത്തിയ സാഹചര്യത്തിലാണ് പത്രം മാപ്പ് പറഞ്ഞത്. കാര്‍ട്ടൂണിനെതിരെ ഡമോക്രറ്റിക് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധം വ്യാപകമായി. ഇതോടെ ന്യൂയോര്‍ക്ക്‌ പോസ്റ്റിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പത്രം മാപ്പപേക്ഷിക്കുകയായിരുന്നു.

കണക്ടിക്കട്ടില്‍ ഒരു ചിമ്പാന്‍സിയെ കഴിഞ്ഞ ദിവസം പൊലീസ്‌ ഓ‍ഫിസര്‍ വെടിവച്ചു കൊന്നിരുന്നു. ഉടമയുടെ സുഹൃത്തിനെയും തുടര്‍ന്ന്‌ പൊലീസിനെയും ആക്രമിച്ചതിനാണ്‌ 200 പൗണ്ട്‌ തൂക്കമുള്ള ആള്‍ക്കുരങ്ങിനെ കൊന്നത്‌. ഈ സംഭവവുമായി അമേരിക്കയിലെ സാമ്പത്തിക ഉത്തേജക ബില്‍ കഴിഞ്ഞ ദിവസം ഒബാമ ഒപ്പുവച്ചതിനെ ബന്ധപ്പെടുത്തിയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

‘’അടുത്ത ധനരക്ഷാ പദ്ധതി തയ്യാറാക്കാന്‍ അവര്‍ക്ക് മറ്റാരെയെങ്കിലും കണ്ടുപിടിക്കേണ്ടി വരും’‘ എന്ന് കുരങ്ങനെ വെടിവച്ചിടുമ്പോള്‍ ഒരു പൊലീസുകാരന്‍ പറയുന്നതായും കാര്‍ട്ടൂണിലുണ്ട്.

കാര്‍ട്ടൂണ്‍ അച്ചടിച്ച പേജിന്‍റെ മറുവശത്ത്‌ അതേ സ്ഥലത്ത്‌ പ്രസിഡന്‍റ് ഒബാമ ഉത്തേജക ബില്‍ ഒപ്പുവയ്ക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. ആഫ്രിക്കന്‍ അമേരിക്കക്കാരെ കുരങ്ങനോട് ഉപമിച്ച് വംശീയമായി അധിക്ഷേപിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സീന്‍ ഡെലാനസ് എന്നയാളാണ് കാര്‍ട്ടൂണ്‍ വരച്ചത്.

ആനുകാലിക വാര്‍ത്തയുടെ ഹാസ്യാനുകരണം മാത്രമാണ് കാര്‍ട്ടൂണെന്നും സമ്പദ്‌ ഘടന പുനരുദ്ധരിക്കാനുള്ള ഗവണ്‍മെന്‍റിന്‍റെ ശ്രമങ്ങളെ അത്‌ വിശാലാര്‍ഥത്തില്‍ കളിയാക്കുന്നതേയുള്ളെന്നും ന്യൂയോര്‍ക്ക്‌ പോസ്റ്റ്‌ എഡിറ്റര്‍ ഇന്‍ ചീഫ്‌ കോള്‍ അലന്‍ കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു.