ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

Webdunia
ശനി, 2 ജനുവരി 2010 (11:12 IST)
PRO
ഗാസയില്‍ വീണ്ടും ഇസ്രയേലിന്‍റെ വ്യോമാക്രമണം. കഴിഞ്ഞ രാത്രിയിലാണ് ഗാസ മുനമ്പില്‍ ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി വിവരമില്ല. എന്നാല്‍ നാലു പേര്‍ക്ക് നിസാരമായ പരുക്കേറ്റിട്ടുണ്ട്.

വ്യോമാക്രമണത്തിനൊപ്പം ഇസ്രേയേല്‍ ടാങ്കറുകള്‍ ഷെല്‍‌വര്‍ഷം നടത്തിയതായും സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ഷെല്ലുകള്‍ പതിച്ചത് ആളൊഴിഞ്ഞ പ്രദേശത്തായതിനാല്‍ നാശനഷ്ടം ഒഴിവാകുകയായിരുന്നു. എഫ്-16 വിഭാഗത്തില്‍ പെട്ട യുദ്ധവിമാനങ്ങളാണ് വ്യോമാക്രമണം നടത്തിയത്.

ഹമാസ് പോരാളികളെ ലക്‍ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇത്തരത്തില്‍ ആക്രമണം നടത്തുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

വ്യാഴാഴ്ച പലസ്തീന്‍ വിമോചന സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീനിലെ പോരാളികള്‍ തെക്കന്‍ ഇസ്രയേലിലേക്ക് രണ്ട് റഷ്യന്‍ നിര്‍മ്മിത മിസൈലുകള്‍ തൊടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇസ്രയേല്‍ സേനയുടെ വ്യോമാക്രമണം.