ഗാസയിലെ തീവ്രവാദം നിയന്ത്രിക്കണം: ഇസ്രയേല്‍

Webdunia
തിങ്കള്‍, 11 ജനുവരി 2010 (17:35 IST)
ഗാസയിലെ തീവ്രവാദ സംഘടനകളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഹമാസ് തയ്യാറാകണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ മേഖലയിലേക്ക് ഗാസയില്‍ നിന്നുള്ള ആക്രമണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ആവശ്യം.

ഗാസയിലെ വിഘടന വാദികളെ നിയന്ത്രിക്കാന്‍ ഹമാസിന് കഴിയുന്നില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യെഹൂദ് ബരാക്ക് പറഞ്ഞു. സമാധാനം തകര്‍ക്കാനാണ് ഹമാസിന്‍റെ ശ്രമമെന്നും ബരാക്ക് കുറ്റപ്പെടുത്തി. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബരാക്ക്.

ജൂണോടെ ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ റോക്കറ്റ് പ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് ബാരക്ക് പറഞ്ഞു. ഇസ്രയേലുമായി നേരിട്ടുള്ള ആക്രമണത്തില്‍ നിന്ന് ഹമാസ് ഭയപ്പെട്ട് പിന്‍‌മാറി നില്‍ക്കുകയാണ്. ചെറിയ ആയുധ സംഘങ്ങളുടെ മേല്‍ അധികാരം കാണിക്കാനാണ് ഹമാസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും യെഹൂദ് ബരാക്ക് പറഞ്ഞു.

2008 അവസാനം ഇസ്രയേലിന്‍റെ സൈനിക നടപടിയെ തുടര്‍ന്ന് ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണം ശമിച്ചിരുന്നു. എന്നാല്‍ അടുത്തിടെ വീണ്ടും ആക്രമണം ശക്തമാകുകയായിരുന്നു. മുന്‍‌പും പലതവണ ഇസ്രയേല്‍ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ തിരികെ നടത്തിയ വ്യോമാക്രണത്തില്‍ മൂന്ന് പലസ്തീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. റോക്കറ്റ് ആക്രമണത്തെ കഴിഞ്ഞ ദിവസം ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ശക്തമായി അപലപിച്ചിരുന്നു.