അടുത്ത വെള്ളിയാഴ്ച ഭൂമിയെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ഒരു ക്ഷുദ്രഗ്രഹം കടന്നുപോകും. എന്നാല്‍ ഇത് കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നത്. അതേസമയം ഈ ക്ഷുദ്രഗ്രഹം വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളെ ബാധിച്ചേക്കും എന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2012 DA14 എന്നാണ് ക്ഷുദ്രഗ്രഹത്തിന്റെ പേര്.
45.6 മീറ്റര്‍ വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഭൂമിയെ ഇടിക്കില്ല. ഭൂമിയില്‍ നിന്ന് വെറും 27680 കിലോമീറ്റര്‍ അകലെയായി, ബഹിരാകാശത്തിനപ്പുറത്ത് കൂടി അടുത്ത ഫെബ്രുവരി 15ന് ഇത് കടന്നുപോകും. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍, കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ എന്നിവയെ ഇത് ഇടിയ്ക്കാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. മൊബൈല്‍ ഫോണ്‍ സിഗ്നലുകളെയും മറ്റും ഇത് ബാധിച്ചേക്കും.
മണിക്കൂറില്‍ 20,000 കിലോമീറ്ററിനും 30,000 കിലോമീറ്ററിനും ഇടയ്ക്കാണ് ക്ഷുദ്രഗ്രഹത്തിന്റെ വേഗത. ഒരു റൈഫിള്‍ ബുള്ളറ്റിന്റെ വേഗത്തില്‍ കടന്നുപോകുന്നതിനിടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റുന്ന നൂറുകണക്കിന് ഉപഗ്രഹങ്ങളില്‍ ഏതെങ്കിലും ഒന്നിനെ ഇത് ഇടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
നഗ്നനേത്രങ്ങള്‍ കൊണ്ട് ക്ഷുദ്രഗ്രഹത്തെ കാണാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് വിവരം.