കൊടും ചൂടിലെ പണിക്കെതിരെ സൌദി

Webdunia
തിങ്കള്‍, 12 ജൂലൈ 2010 (17:11 IST)
PRO
തൊഴിലാളികളെ കൊടും ചൂടില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് ഇസ്ലാമിനു വിരുദ്ധമാണെന്ന് സൌദിയിലെ മുതിര്‍ന്ന ഇസ്ലാമിക പുരോഹിതന്‍ അലി ബിന്‍ അബ്ബാസ് അല്‍ ഹക്കാമി. സൌദി സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ അംഗവും ഉലെമ ബോര്‍ഡ് അംഗവുമാണ് ഹക്കാമി.

സമൂഹത്തിന്റെ താഴേക്കിടയിലുള്ള തൊഴിലാളികളോട് ദയയും അനുഭാവവും കാട്ടണമെന്നാണ് ഇസ്ലാം പറയുന്നത്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഇസ്ലാമിക നിയമത്തെയാണ് ധിക്കരിക്കുന്നത്. അതേപോലെ, കഴിയാവുന്നതില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കരുത് എന്നും സൌദി പുരോഹിതന്‍ പറഞ്ഞു.

ഒരു തൊഴിലാളിക്ക് ജോലി പൂര്‍ത്തിയാക്കാനുള്ള ശക്തിയില്ല എങ്കില്‍ അയാളെ ഒറ്റയ്ക്ക് ജോലി പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാതെ മറ്റൊരു തൊഴിലാ‍ളിയുടെ സഹായം കൂടി നല്‍കുകയാണ് വേണ്ടത്. അടുത്ത വേനലില്‍ തൊഴിലാളികളെ കൊടും ചൂടില്‍ പണിയെടുപ്പിക്കരുത് എന്ന് നിര്‍ദ്ദേശിക്കുന്ന ഉത്തരവ് ഇറക്കിക്കഴിഞ്ഞു എന്നും അടുത്ത വര്‍ഷം മുതല്‍ ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലാവുമെന്നും ഹക്കാമി പറഞ്ഞു.

പ്രതികൂല സാഹചര്യത്തില്‍ ജോലി ചെയ്യുന്നതു മൂലം ഒരു തൊഴിലാളിക്ക് പ്രശ്നമുണ്ടായാല്‍ കോടതിയെ സമീപിക്കാവുന്നതാണ്. അതേപോലെ, സൂര്യാഘാതമേറ്റ് തൊഴിലാളികള്‍ മരിക്കാനിടയായാല്‍ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തൊഴില്‍ ദാതാക്കള്‍ക്ക് ഉത്തരവാദിത്തം ഉണ്ട്. പുതിയ നിയമമനുസരിച്ചുള്ള നിബന്ധനകള്‍ ഒരു വര്‍ഷം മുഴുവന്‍ പാലിക്കപ്പെടേണ്ടതാണെന്നും ഒരു സീസണിലേക്ക് മാത്രമുള്ളതല്ല എന്നും ഹക്കാമി വ്യക്തമാക്കി.

സൌദി അറേബ്യയിലെ നിര്‍മ്മാണ കമ്പനികളില്‍ പണിയെടുക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് പുതിയ നിയമം അനുഗ്രഹമാവുമെന്നാണ് കരുതുന്നത്.