കെനിയ: കലാപം പടരുന്നു

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (19:12 IST)
കെനിയയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കലാപം പടരുന്നു. കലാപത്തില്‍ ഇതുവരെ 43 പേരാണ് കൊല്ലപ്പെട്ടത്. പ്രസിഡനന്‍റ് മവായ് കിബക്കി തെരഞ്ഞെടുപ്പില്‍ വീണ്ടു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതാണ് കലാപത്തിനു വഴിവെച്ചത്.

കിബക്കിക്ക് എതിരെ ആരോപണങ്ങളുമായി എതിര്‍സ്ഥാനാര്‍ത്ഥി റയ്‌ല ഓഡിങ്ക രംഗത്തു വന്നു. തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടന്നുവെന്നു പറഞ്ഞ ഓഡിങ്കയും പാര്‍ട്ടിയും കിബക്കിക്ക് എതിരെ പ്രതിഷേധവുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇരു നേതാക്കന്‍‌മാരുടേയും വംശങ്ങള്‍ തമ്മിലാണ് സംഘര്‍ഷം തുടരുന്നത്. ഓഡിങ്കയെ അനുകൂലിക്കുന്ന ലുവൊ വംശവും കിബക്കിയെ പിന്തുണക്കുന്ന കികുയുസ വംശവും തമ്മില്‍ രൂക്ഷമായ അക്രമമാണ് നടക്കുന്നത്. അതേസമയം കിബക്കിയുടെ സ്വന്തം മേഖലയായ മധ്യ പ്രവശ്യയില്‍ വിജായാഘോഷങ്ങളും തുടരുകയാണ്.

തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതില്‍ കെനിയന്‍ ഇലക്ടറല്‍ കമ്മീഷന്‍ പരാജയപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍റെ തെരഞ്ഞെടുപ്പ് നിരീക്ഷക സംഘം പറഞ്ഞു. 2.30,000 വോട്ടുകള്‍ക്കാണ് കിബക്കി ഓഡിങ്കയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.