ഇറ്റലിയിലെ ലോംബറി പ്രവിശ്യയില്‍ ജീവിക്കുന്ന 53കാരനാണ് 15 പൂച്ചകളെ ദത്തെടുത്തത്. മൃഗസ്നേഹിയാണ് താന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാളുടെ ദത്തെടുക്കല്‍. പക്ഷേ സ്വന്തം കൂട്ടുകാര്‍ക്ക് കറിവച്ചുകൊടുക്കാനായിരുന്നു ഇയാള്‍ പൂച്ചകളെ ദത്തെടുത്തത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മൂന്ന് വയസ്സ് പ്രായമുള്ള 15 പൂച്ചകളെ ആണ് ഇയാള്‍ ദത്തെടുത്തത്. പൂച്ചകളെ വളര്‍ത്തുന്ന സങ്കേതങ്ങള്‍ സന്ദര്‍ശിച്ച് താന്‍ മൃഗസ്നേഹിയാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ദത്തെടുക്കല്‍. തുടര്‍ന്ന് പൂച്ചകളെ വീട്ടിലെത്തിച്ച് കൂട്ടുകാര്‍ക്ക് കറിവച്ചുകൊടുത്തു. എന്നാല്‍ തങ്ങള്‍ കഴിക്കുന്നത് പൂച്ചയിറച്ചി ആണോ എന്ന് കൂട്ടുകാര്‍ക്ക് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല.
ദത്തെടുത്ത പൂച്ചകളെ കൃത്യമായി പരിശോധനകള്‍ക്ക് ഇയാള്‍ എത്തിക്കാത്തതിനെ തുടര്‍ന്നാണ് അധികൃതര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇറ്റാലിയന്‍ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ അധികൃതര്‍ ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവം വെളിച്ചത്തുവന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേയ്ക്കാം.