കാത്തിരിപ്പിനൊടുവില്‍ വില്യവും കേറ്റും ഒന്നായി

Webdunia
വെള്ളി, 29 ഏപ്രില്‍ 2011 (17:45 IST)
PTI
പ്രണയലോലമായ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കേറ്റ് മിഡില്‍ടണും വില്യം രാജകുമാരനും വിവാഹിതരായി. ലണ്ടനിലെ പ്രശസ്തവും പുരാതനവുമായ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ വച്ചായിരുന്നു വിവാഹം. ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിനെ അനുസരിച്ചുകൊള്ളാം എന്നു വാഗ്ദാനം ചെയ്യുന്ന പഴയ വിവാഹ പ്രതിജ്ഞയ്ക്കു പകരം പുതിയ വിവാഹ പ്രതിജ്ഞയാണ് കേറ്റ് ചൊല്ലിയത്.

ഭര്‍ത്താവിനെ അനുസരിക്കുകയും പരിചരിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സുഖത്തിലും ദു:ഖത്തിലും ഒപ്പമുണ്ടാകുകയും ജീവിച്ചിരിക്കുവോളം ഭര്‍ത്താവിന്റേതുമാത്രമായിരിക്കുകയും ചെയ്യുമെന്നുമുള്ള പ്രതിജ്ഞാ വാചകത്തിലെ ‘അനുസരിക്കുക’ എന്ന വാക്ക് ഒഴിവാക്കിയുള്ളതായിരുന്നു പ്രതിജ്ഞ. വില്യമിന്റെ അമ്മ ഡയാന രാജകുമാരിയും ഈ പ്രതിജ്ഞയായിരുന്നു ചൊല്ലിയത്.

സാറ ബര്‍ട്ടണ്‍ രൂ‍പകല്‍പ്പന ചെയ്ത ലേസുകള്‍ തുന്നിപ്പിടിപ്പിച്ച നീളന്‍ ഗൌണ്‍ അണിഞ്ഞാണ് ഇരുപത്തിയൊമ്പതുകാരിയായ കേറ്റ് തന്നെക്കാള്‍ ഒരു വയസ്സ് ഇളപ്പമുള്ള രാജകുമാരന്റെ ജീവിതത്തിലേക്ക് വലതുകാല്‍‌വച്ച് കയറിയത്. ഐറിഷ് കേണലിന്റെ ‘റെഡ് ട്യൂണിക്’ വേഷത്തിലാണ് വില്യം രാജകുമാരന്‍ വിവാഹ വേദിയിലെത്തിയത്.

കാന്റര്‍ബറി ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. ക്ഷണിക്കപ്പെട്ട 1,900 അതിഥികള്‍ കാത്തിരിക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലേക്ക് റോള്‍സ് റോയ്സ് ഫാന്റം - 6 ലിമോസിന്‍ കാറിലാണ് കേറ്റ് എത്തിയത്. വിവാഹത്തോടെ കേറ്റിന് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് എന്ന ബഹുമതിയും ലഭിച്ചു. വിവാഹ ശേഷം വധൂവരന്‍‌മാര്‍ ബക്കിംഗ്‌ഹാം കൊട്ടാരത്തിലേക്ക് പോയി.

വിവാഹം നടന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിക്ക് പുറത്ത് സ്വദേശത്തു നിന്നും വിദേശത്തു നിന്നും എത്തിയ ആയിരങ്ങളാണ് രാജവധുവിനെയും രാജകുമാരനെയും വിവാഹ വേഷത്തില്‍ കാണുന്നതിനായി കാത്ത് നിന്നത്. ഇവരില്‍ പലരും കഴിഞ്ഞ ദിവസം തന്നെ ഇവിടെ സ്ഥാനം‌പിടിച്ചവരായിരുന്നു.