കള്ളപ്പണം കടത്ത്: ഇന്ത്യക്ക് മൂന്നാം സ്ഥാനം

Webdunia
വെള്ളി, 13 ഡിസം‌ബര്‍ 2013 (19:47 IST)
PRO
PRO
നിയമവിരുദ്ധമായി പുറംരാജ്യങ്ങളിലേക്ക് പണം കടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. 2002-'11 കാലയളവില്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാംസ്ഥാനമായിരുന്നു. 2011-ല്‍ 5.24 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് ഇന്ത്യയില്‍നിന്നു കടത്തിയത്. 2002-'11-ല്‍ 21.15 ലക്ഷം കോടി രൂപയും കടത്തി.

അഴിമതി, സാമ്പത്തികത്തട്ടിപ്പ്, കുറ്റകൃത്യങ്ങള്‍, നികുതിവെട്ടിപ്പ് എന്നിവയുടെ ഭാഗമായി വികസ്വരരാജ്യങ്ങളില്‍നിന്ന് 2011-ല്‍ 58.39 ലക്ഷം കോടി രൂപ കടത്തി. 2010-നെ അപേക്ഷിച്ച് 13.7 ശതമാനം കൂടുതലാണിത്. 'വികസ്വര രാജ്യങ്ങളില്‍നിന്നുള്ള നിയമവിരുദ്ധ പണമൊഴുക്ക്: 2002-2011' എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. വാഷിങ്ടണ്‍ ആസ്ഥാനമായ 'ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റഗ്രിറ്റി(ജിഎഫ്ഐ)' എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലായിരുന്നപ്പോള്‍ അനധികൃത പണക്കടത്ത് വന്‍തോതില്‍ കുതിച്ചുയര്‍ന്നുവെന്ന് ജിഎഫ്ഐ പ്രസിഡന്‍റ് റെയ്മണ്ട് ബേക്കര്‍ പറയുന്നു. കള്ളപ്പണക്കടത്തില്‍ മുന്നിലുള്ള 15 രാജ്യങ്ങളില്‍ ആറും ഏഷ്യയില്‍നിന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചൈന, മലേഷ്യ, ഇന്‍ഡൊനീഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവയാണ് ഇന്ത്യയ്ക്കു പുറമേയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍. ആഫ്രിക്കയില്‍നിന്ന് നൈജീരിയയും ദക്ഷിണാഫ്രിക്കയും ആദ്യ പതിനഞ്ചിലുണ്ട്. റഷ്യ, ബെലാറസ്, പോളണ്ട്, സെര്‍ബിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. മെക്‌സിക്കോ, ബ്രസീല്‍, ഇറാഖ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.