കത്തി വാങ്ങാന്‍ ഐഡി കാര്‍ഡ് കാണിക്കണം!

Webdunia
ഞായര്‍, 29 ജനുവരി 2012 (17:43 IST)
ഇനി മുതല്‍ ബെയ്‌ജിംഗിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കത്തികള്‍ വാങ്ങണമെങ്കില്‍ ഉപഭോക്താക്കള്‍ അവരുടെ ഐഡി കാര്‍ഡ് കാണിക്കണം. പട്ടണത്തിലെ കത്തി വ്യാപാരികളെയെല്ലാം രജിസ്റ്റര്‍ ചെയ്യിക്കുന്നത് സംബന്ധിച്ച നടപടികള്‍ പൊതു സുരക്ഷാ ഏജന്‍സി ആരംഭിച്ചുതുടങ്ങി.

ഒരാള്‍ കത്തി, ബ്ലേഡ് എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആളുടെ പേര്, ഐഡി കാര്‍ഡ് നമ്പര്‍, വീട്ടുവിലാസം, കത്തി വാങ്ങേണ്ട ആവശ്യകത എന്നിവ സൂപ്പര്‍മാര്‍ക്കറ്റിലെ പ്രത്യേക ഓഫീസറോട് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുണ്ട്.

കൌമാരപ്രായക്കാര്‍ക്കും അസാധാരണമായി പെരുമാറുന്നവര്‍ക്കും മാനസിക വിഭ്രാന്തിയുള്ളവര്‍ക്കും കത്തി വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ കത്തി വാങ്ങാന്‍ താല്‍പ്പര്യപ്പെട്ടാല്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പൊലീസിനെ വിളിക്കും. ചൈനയിലെ വന്‍‌കിട സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം ഈ രീതി നടപ്പിലാക്കിക്കഴിഞ്ഞു. എന്നാല്‍ ചെറുകിട ഷോപ്പ് ഉടമകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ല.