കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ് ഒരു അബദ്ധമായിരുന്നുവെന്ന് ബില്‍ ഗേറ്റ്സ്

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (15:52 IST)
PRO
PRO
കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നിയന്ത്രിക്കാനുപയോഗിക്കുന്ന കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ് (ctrl + Alt + Delete )കീബോര്‍ഡ് ഡിസൈന്‍ അബദ്ധമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സ്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ഇക്കാര്യം പറഞ്ഞത്. മൂന്നു കീകളുടെ സഹായത്താല്‍ മാത്രമേ ലോഗിനും ലോഗ് ഓഫ് ചെയ്യാനും സാധിക്കൂ. ഒരു കീ ഉപയോഗിച്ച് തന്നെ ഇതു സാധ്യമാക്കിയിരുന്നെന്നും ബില്‍ ഗേറ്റ്‌സ് അറിയിച്ചു.

കീബോര്‍ഡില്‍ ഒരു വിരല്‍ അമര്‍ത്തിയാല്‍ ഈ സൗകര്യം പ്രവര്‍ത്തിപ്പിക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത്. ഐബിഎം കീബോര്‍ഡ് ഡിസൈന്‍ സൃഷ്ടിച്ച വ്യക്തിക്കാകട്ടെ, സിംഗിള്‍ ബട്ടണിനു പകരം കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ് എന്ന ആശയമായിരുന്നു. ഡേവിഡ് ബ്രാഡ്‌ലി എന്ന ഡിസൈനര്‍ ആണ് ഐബിഎം ഒറിജിനല്‍ പിസി ഡിസൈന്‍ ചെയ്തത്. കണ്‍ട്രോള്‍-ഓള്‍ട്ട്-ഡിലീറ്റ് കണ്ടെത്തിയത് താനാണെന്ന് ഡേവിഡ് അറിയിച്ചു.

ലോഗിന്‍ ചെയ്യുന്ന ഈ സൗകര്യം കണ്ടുപിടിച്ചത് താനാണെങ്കിലും ഗേറ്റ്‌സ് ആണ് ഇതിനെ പ്രശസ്തമാക്കിയതെന്ന് ഐബിഎമ്മിന്റെ ഇരുപതാം വാര്‍ഷിക ചടങ്ങില്‍ വെച്ച് ഡേവിഡ് അറിയിച്ചു. ഹാര്‍വാഡില്‍ ബിരുദത്തിന് ചേര്‍ന്ന ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് തുടങ്ങുന്നതിനായി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഹോണററി ഡിഗ്രി നല്കിയിരുന്നു.