അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് നയങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് ക്യൂബയുടെ മുന്‍ പ്രസിഡന്‍റ് ഫിഡല്‍ കാസ്ട്രോ. അര്‍ജന്‍റീന പ്രസിഡന്‍റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കാസ്ട്രോ ഒബാമയ്ക്കുമേലുള്ള വിശ്വാസം പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
ഒബാമയില്‍ ക്യൂബയുടെ മുന്‍ പ്രസിഡന്‍റ് ഫിഡല്‍ കാസ്ട്രോ വിശ്വാസം പ്രകടിപ്പിച്ചതായി ക്രിസ്റ്റീന ഫെര്‍ണാണ്ടസ് പറഞ്ഞു. ക്യൂബയുടെ പരമോന്നത നേതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ബരാക് ഒബാമയില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ട്. ഒബാമയുടെ സഥാനാരോഹണവും അനുബന്ധ ചടങ്ങുകളും ടെലിവിഷനില്‍ കണ്ടെന്നും അമേരിക്കന്‍ പ്രസിഡന്‍റ് വളരെ ആത്മാര്‍ഥതയുളള വ്യക്‌തിയായി കാണപ്പെട്ടെന്നും കാസ്ട്രോ പറഞ്ഞതായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അര്‍ജന്‍റീന പ്രസിഡന്‍റ് വെളിപ്പെടുത്തി.
തന്‍റെ നയങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ ഒബാമയ്ക്ക് കഴിയുമെന്ന് കാസ്ട്രോ വിശ്വാസം പ്രകടിപ്പിച്ചതായി ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു. അര്‍ജന്‍റീനയുടെ ആദ്യ വനിതാ പ്രസിഡന്‍റാണ് ഇടതുപക്ഷക്കാരിയായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ്. ഫിഡല്‍ കാസ്ട്രോയുടെ ആരോഗ്യനില തകരാറിലാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.