എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകളുടെ രൂപകല്‍പ്പനയിലൂടെ ആഗോള പ്രശസ്തനായ മിഖായില്‍ കലാഷ്‌നിക്കോവ് (94) അന്തരിച്ചു. രോഗബാധിതനായിരുന്ന അദ്ദേഹം റഷ്യയിലെ ഇഷെവ്‌സ്‌കിലുള്ള ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
സൈബീരിയയിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച അദ്ദേഹം റെയില്‍വേ ക്ലാര്‍ക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1938-ല്‍ റെഡ് ആര്‍മിയില്‍ ചേര്‍ന്നു. അവിടെവെച്ചാണ് അദ്ദേഹം തോക്ക് നിര്‍മ്മിക്കാന്‍ ആരംഭിച്ചത്.
1941- ല്‍ നാസിപ്പടയുടെ ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ അദ്ദേഹം മികച്ച യന്ത്രത്തോക്കുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. അങ്ങനെയാണ് കലാഷ്‌നിക്കോവ് തോക്കുകളുടെ പിറവി. അദ്ദേഹത്തിന്റെ പ്രശസ്തമായ കണ്ടുപിടിത്തം എ.കെ. 47 തോക്കുകള്‍ തന്നെയായിരുന്നു.
തുടര്‍ന്ന് ലോകമെമ്പാടുമുള്ള തീവ്രവാദികളുടെയും അനവധി രാജ്യങ്ങളിലെ സൈനികരുടെയും പ്രിയപ്പെട്ട ആയുധമായി അത് മാറുകയായിരുന്നു.