ഇറ്റലിയിലെ ആദ്യ കറുത്തവര്‍ഗക്കാരിയായ മന്ത്രിക്ക് തുടര്‍ച്ചയായ വംശീയാധിക്ഷേപം

Webdunia
തിങ്കള്‍, 29 ജൂലൈ 2013 (19:19 IST)
PRO
PRO
ഇറ്റലിയിലെ ആദ്യ കറുത്തവര്‍ഗ്ഗക്കാരിയായ മന്ത്രി സെസില ക്യെന്‍ഗെക്ക് വംശീയാധിക്ഷേപം. കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ മന്ത്രിക്കു നേരെ പഴമെറിഞ്ഞതാണ് പുതിയ വിവാദം.

വെള്ളിയാഴ്ച നടന്ന റാലിക്കിടെയാണ് വിവാദമായ പഴമേറ് നടന്നത്. റാലിയെ അഭിസംബോധന ചെയ്ത് ക്യെന്‍ഗെ സംസാരിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ രണ്ട് നേന്ത്രപ്പഴം വേദിയിലേക്ക് എറിയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ചിലര്‍ ഭക്ഷണം എറിഞ്ഞു കളിക്കുകയാണെന്നാണ് മന്ത്രി സംഭവത്തോട് ട്വിറ്ററിലൂടെ പ്രതികരിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ക്യെന്‍ഗെ ഇറ്റലിയിലെ മന്ത്രിയായി സ്ഥാനമേറ്റതുമുതല്‍ അവര്‍ വംശീയ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. നിറത്തിന്റേയും വംശത്തിന്റേയും പേരിലാണ് ക്യെന്‍ഗെക്കു നേരെ അധിക്ഷേപം ഉന്നയിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ജനിച്ച ക്യെന്‍ഗെ 80കളിലാണ് ഇറ്റലിയിലെത്തുന്നത്. വൈദ്യ പഠനത്തിനായി ഇറ്റലിയിലെത്തിയ അവര്‍ പിന്നീട് ഇറ്റാലിയന്‍ പൗരത്വം സീകരിച്ചു. ഇറ്റാലിയന്‍ സര്‍ക്കാരില്‍ അവര്‍ നേടിയ ഉന്നതസ്ഥാനം കുടിയേറ്റക്കാര്‍ക്ക് മൊത്തത്തില്‍ ലഭിച്ച അംഗീകാരമായിട്ടാണ് വിലയിരുത്തപ്പെട്ടത്. അതേസമയം കുടിയേറ്റക്കാര്‍ക്കെതിരെ രംഗത്തുള്ള പ്രാദേശിക വാദികളും വംശീയവാദികളുമാണ് ക്യെന്‍ഗെക്കെതിരെ രംഗത്തുള്ളത്.