ഇഫ്തിക്കര്‍ ചൌധരി സ്ഥാനമേറ്റു

Webdunia
ശനി, 21 മാര്‍ച്ച് 2009 (15:15 IST)
ഇഫ്തിക്കര്‍ മുഹമ്മദ് ചൌധരി പാകിസ്ഥാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റു. വെള്ളിയാഴ്ച മുതലാണ് അദ്ദേഹം അധികാരമേറ്റെടുത്തത്.

മുഷറഫ് ഭരണകാലത്ത് പിരിച്ചുവിടപ്പെട്ട ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷരീഫിന്‍റെ പിന്തുണയോടെ നടത്തിയ ലോംഗ്‌മാര്‍ച്ചിനെ തുടര്‍ന്നാണ് ഇഫ്തിക്കര്‍ ചൌധരിയെ തിരിച്ചെടുക്കാന്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി തയ്യാറായത്.

നീതിന്യായ വ്യവസ്ഥയുടെ പുനര്‍നിര്‍മ്മാണം രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് സര്‍ദാരി പറഞ്ഞു. നിലവിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹമീദ് ദോഗറിന്‍റെ വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍ദാരി. കഴിഞ്ഞതെല്ലാം മറക്കണമെന്ന് സര്‍ദാരി പ്രതിപക്ഷ കക്ഷികളോടാവശ്യപ്പെട്ടു.

ശക്തമായ സമരത്തെ തുടര്‍ന്ന് മുഷറഫ് ഭരണകൂടം പിരിച്ചുവിട്ട മുന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ ചൌധരിയടക്കം 11 ജ്ഡ്ജിമാരെ തല്‍‌സ്ഥാനങ്ങളില്‍ പുനര്‍നിയമിക്കാന്‍ സര്‍ദാരി ഭരണകൂടം ഉത്തരവിടുകയായിരുന്നു.

അഞ്ച് സുപ്രീം കോടതി ജഡ്ജിമാരെയും ആറ് ഹൈക്കോടതി ജഡ്ജിമാരെയുമാണ് തിരികെ നിയമിക്കാന്‍ സര്‍ദാരി ഉത്തരവിട്ടത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലേതും ഉള്‍പ്പെടെ അറുപതോളം ജഡ്ജിമാരെയാണ് മുഷറഫ് ഭരണകൂടം 2007 നവംബറിലെ അടിയന്തിരാവസ്ഥ കാലത്ത് പിരിച്ചുവിട്ടത്.