ഇപ്പോള്‍ ഒഴിയില്ല, ഇനി തുടരില്ല: മുബാറക്

Webdunia
വെള്ളി, 11 ഫെബ്രുവരി 2011 (08:49 IST)
PRO
പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല എന്ന് ഹോസ്നി മുബാറക്. പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈജിപ്തില്‍ കത്തിപ്പടരുന്ന പ്രക്ഷോഭം പതിനേഴ് ദിവസം പിന്നിട്ടപ്പോള്‍ മുബാറക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.

ഈജിപ്തില്‍ പ്രക്ഷോഭം നടത്തുന്ന യുവാക്കളുടെ വികാരം തിരിച്ചറിയുന്നുണ്ട് എന്ന് പറഞ്ഞ മുബാറക് തന്റെ അധികാരങ്ങളില്‍ ചിലത് വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന് കൈമാറുന്നതായും പ്രഖ്യാപിച്ചു. എന്നാല്‍, താന്‍ ഉടന്‍ രാജി വയ്ക്കില്ല എന്നും സെപ്തംബറില്‍ കാലാവധി കഴിയും‌വരെ തുടരുമെന്നും ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല എന്നും ഈജിപ്ത് പ്രസിഡന്റ് പറഞ്ഞു.

ഈജിപ്തിലെ തെരുവുകളില്‍ നിലവിലുള്ള അപകടകരമായ സാഹചര്യം തിരിച്ചറിയുന്നു. ഭരണഘടനാപരമായുള്ള പ്രശ്നപരിഹാരത്തിന് ഒരുക്കമാണെന്നും ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ കൈവിടാന്‍ തയ്യാറല്ല എന്നും മുബാറക് പറഞ്ഞു.

തെരുവില്‍ ഒത്തുകൂടിയിരിക്കുന്ന പ്രക്ഷോഭകാരികള്‍ സ്വന്തം വീ‍ടുകളിലേക്ക് മടങ്ങണമെന്ന് വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ അഭ്യര്‍ത്ഥിച്ചു.