ട്വന്റി 20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി പ്രൊഫൈല്‍ ഫോട്ടോയില്‍ ആര്‍ക്ക് പിന്തുണ നല്‍കുന്നു എന്ന ബാന്റ് ചേര്‍ക്കാന്‍ ഫേസ്‌ബുക്ക് ഓപ്ഷന്‍ ഒരുക്കിയിരുന്നു. ഇന്ത്യാ പാകിസ്ഥാന്‍ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ ഫേസ്‌ബുക്ക് സ്‌ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സുക്കര്‍ ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിക്കറ്റില്‍ പല ഇന്ത്യക്കാരും പാകിസ്ഥാന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് സുക്കര്‍ ബര്‍ഗ് പറയുന്നത്. അതുപോലെതന്നെ പാകിസ്ഥാന്‍കാരും ഇന്ത്യയ്‌ക്ക് പിന്തുണ നല്‍കുന്നുണ്ട്.
ഇതിന് ഉദാഹരണമായി ചിലരുടെ പ്രൊഫൈല്‍ ഫോട്ടോകളും സുക്കര്‍ ബര്‍ഗ് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സുക്കര്‍ ബര്‍ഗിന്റെ പോസ്റ്റിന് ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.