ഇന്ത്യക്കാരനായ സ്‌കൂള്‍ അധ്യാപകന്‍ മാലിദീപില്‍ മരിച്ചനിലയില്‍

Webdunia
ബുധന്‍, 22 മെയ് 2013 (17:09 IST)
PRO
PRO
ഇന്ത്യക്കാരനായ സ്‌കൂള്‍ അധ്യാപകനെ മാലിദീപില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എഡ്വാഫുഷി ദീപില്‍ താമസക്കാരനായ സതീഷ് കുമാറിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് എഡ്വാഫുഷി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റിസ അറിയിച്ചു. സതീഷ് കുമാര്‍ സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ താമസസ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കമ്പ്യുട്ടര്‍ അധ്യാപകനായി മൂന്നര വര്‍ഷമായി ദീപില്‍ ജോലി ചെയ്യുന്ന സതീഷ് കുമാര്‍ എല്ലാവരുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്നും റിസ പറഞ്ഞു.

മരണത്തിന് പിന്നില്‍ നിരവധി കാരണങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും സത്യം പുറത്തുവരാതെ ഒന്നും പറയാനാവില്ലെന്നും റിസ അറിയിച്ചു. ദ്വീപിലെ ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.