ആശ്വാസമേകി 10000 സമാധാന ബലൂണുകള്‍

Webdunia
ശനി, 25 മെയ് 2013 (16:49 IST)
PTI
PTI
തുടര്‍ച്ചയായ ആക്രമണ പരമ്പരകള്‍ക്ക് ശേഷം ജനങ്ങള്‍ക്ക് ആശ്വാസമേകി 10000 സമാധാന ബലൂണുകള്‍ കാബൂളിന്റെ ആകാശത്തേക്ക് ഉയര്‍ന്നത് കൌതുകമായി. കാബൂളിലെ ആര്‍ട്ട് പ്രൊജെക്ട് പ്രവര്‍ത്തകരാണ് കാബൂള്‍ നിവാസികള്‍ക്ക് ഈ മനോഹരമായ കാഴ്ച സമ്മാനിച്ചത്.

ആര്‍ട്ട് പ്രൊജക്ടിലെ അമേരിക്കന്‍ കലാകാരന്‍ യാസമാനി അര്‍ബൊലെദയാണ് പരിപാടി ആസൂത്രണം ചെയ്തത്. വര്‍ഷങ്ങളായി തീവ്രവാദത്തില്‍ വേദനിക്കുന്ന ജനങ്ങള്‍ക്ക് ഒരു ആശ്വാസം നല്‍കാനാണ് ബലൂണുകള്‍ പറത്തിയതെന്ന് യാസമാനി പറഞ്ഞു. കാബൂളിലെ നൂറോളം യുവകലാകാരന്മാരാണ് ഇളം ചുവപ്പ് നിറത്തിലുള്ള ബലൂണുകള്‍ പ്രദേശത്തെ കടകളിലും തൊഴിലാളികള്‍ക്കും വീടുകളിലും വിതരണം ചെയ്തത്.

രാവിലെ ഏഴ് മണിയോട്കൂടിയാണ് ജനങ്ങള്‍ ബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തിയത്. ഓരോ ബലൂണിലും പീസ് എന്നെഴുതിയിരുന്നു.

ഇതിനുമുന്‍പ് കെനിയയിലും യാസമാനി ഇത്തരത്തിലുള്ള ബലൂണ്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.