ആല്‍ബര്‍ട്ടോ ഫുജിമോറിക്ക് 25 വര്‍ഷം തടവ്

Webdunia
ബുധന്‍, 8 ഏപ്രില്‍ 2009 (10:02 IST)
പെറു മുന്‍ പ്രസിഡന്‍റ് ആല്‍ബര്‍ട്ടോ ഫുജിമോറിക്ക് കോടതി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൊലപാതക കുറ്റത്തിനും ഭരണകാലത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമാണ് ഫുജിമോറിയെ ശിക്ഷിച്ചത്. പതിനഞ്ച് മാസത്തെ വിചാരണയ്ക്കൊടുവിലാണ് പെറൂവിയന്‍ കോടതി ശിക്ഷ വിധിച്ചത്.

1990 ന്‍റെ ആദ്യത്തില്‍ പെറുവിനെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷപെടുത്തിയ ഫുജിമോറി തന്‍റെ ഭരണകാലത്ത് നടന്ന ആഭ്യന്തര യുദ്ധത്തില്‍ സൈനിക സ്ക്വാഡിനെ ഉപയോഗിച്ച് 25 പേരെ കൂട്ടക്കൊല ചെയ്തു എന്നതാണ് കുറ്റം.

1990 മുതല്‍ രണ്ട് പതിറ്റാണ്ടോളം കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികളും സര്‍ക്കാരും തമ്മില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ 70000ത്തില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കിയിട്ടുള്ളത്. ഒളിപ്പോരാളികളെ കീഴടക്കി രാജ്യത്ത്‌ സമാധാനം കൊണ്ടുവന്നത്‌ ഫുജിമോറിയായിരുന്നു.

ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ വിജയിച്ച 70കാരനായ ഫുജിമോറി തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ വിചാരണ സമയത്ത് ശ്രമിച്ചെങ്കിലും നടന്നില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അദ്ദേഹം നടത്തിയതെന്ന് കോടതി കണ്ടെത്തി. വിധി പ്രസ്താവിക്കുമ്പോള്‍ നിര്‍‌വികാരനായാണ് ഫുജിമോറിയെ കാണാന്‍ സാധിച്ചത്.

തന്‍റെ രഹസ്യാന്വേഷണത്തലവനെതിരെ അഴിമതിക്കേസില്‍ അന്വേഷണം നടത്താന്‍ മുതിര്‍ന്നതോടെയാണ് ഫുജിമോറിയുടെ കഷ്ടകാലം തുടങ്ങിയത്. 2000ത്തില്‍ അധികാരത്തില്‍ നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഫുജിമോറി ജപ്പാനില്‍ അഭയം തേടി. 2005ല്‍ ചിലിയില്‍ വച്ചാണ് ഫുജിമോറി അറസ്റ്റ് ചെയ്യപ്പെട്ടത്.